Districts

രാജി മാണി സ്വന്തമായെടുത്ത തീരുമാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിയുടെ രാജി ഉന്നതമായ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
താനോ യുഡിഎഫിലെ മറ്റു കക്ഷികളോ രാജി ആവശ്യപ്പെട്ടിട്ടില്ല. മാണിയോട് രാജി ആവശ്യപ്പെടാന്‍ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാന്റ് നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണ്. രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമായിട്ടാണ് കാണുന്നത്. ഇതിനായി ഒരു വിധത്തിലും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
1975ല്‍ യുഡിഎഫിന്റെ അവിഭാജ്യ ഘടകമായത് മുതല്‍ കെ എം മാണി യുഡിഎഫിന്റെ ശക്തി സ്രോതസ്സായാണ് പ്രവര്‍ത്തിച്ചത്. അതേനിലയില്‍ തന്നെ തുടര്‍ന്നും യുഡിഎഫിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാവുമെന്ന് ഉറപ്പുണ്ട്. അദ്ദേഹത്തിന് നിരപരാധിത്വം തെളിയിച്ച് ഏറ്റവും വേഗത്തില്‍ തിരിച്ചുവരാന്‍ സാധിക്കുമെന്ന് വിശ്വാസമുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ധനവകുപ്പ് ആര് കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് മാണിയുടെ അഭിപ്രായം കണക്കിലെടുത്ത് നടപടി സ്വീകരിക്കും. അഭിപ്രായങ്ങള്‍ നേതാക്കള്‍ നേതൃത്വത്തോടാണ് പറയേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it