രാജി പിന്‍വലിച്ച് മന്ത്രിസഭയിലേക്ക്: ബാബു വീണ്ടും

കൊച്ചി: ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയ കെ ബാബു മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം രാജി സ്വീകരിക്കേണ്ടെന്നു തീരുമാനിച്ച പശ്ചാത്തലത്തിലാണിത്. ഇക്കാര്യം കെ ബാബുവും സ്ഥിരീകരിച്ചു.
മന്ത്രിപദവി ഒഴിയുന്നതായി ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 23നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത് കൈമാറിയത്. എന്നാല്‍, രാജി മുഖ്യമന്ത്രി സ്വീകരിച്ചിരുന്നില്ല. വിജിലന്‍സ് കോടതി ഉത്തരവിനെതിരേ ബാബു ഹൈക്കോടതിയെ സമീപിക്കുകയും വിധി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും രാജി തീരുമാനത്തില്‍ ബാബു ഉറച്ചുനില്‍ക്കുകയായിരുന്നു. ഇന്നലെ യുഡിഎഫ് യോഗം കഴിഞ്ഞശേഷം മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജി പിന്‍വലിക്കാന്‍ ബാബു തീരുമാനിച്ചത്. യുഡിഎഫിനും കോണ്‍ഗ്രസ് നേതൃത്വത്തിനും വിധേയനായി പ്രവര്‍ത്തിക്കുന്ന തന്റെ വ്യക്തിപരമായ തീരുമാനത്തിനു പ്രസക്തിയില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും കെ ബാബു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമായ ആരോപണത്തിന്റെ ലാഞ്ഛന ഉണ്ടായപ്പോള്‍ തന്നെ അധികാരമൊഴിയാന്‍ തീരുമാനിച്ചത് തീര്‍ത്തും വ്യക്തിപരമായിരുന്നു. രാജി പ്രഖ്യാപിക്കുമ്പോള്‍ കോടതിവിധിയുടെ പകര്‍പ്പുപോലും തനിക്ക് ലഭിച്ചിരുന്നില്ല. വിജിലന്‍സ് കോടതി ഉത്തരവിന് ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങാന്‍ കാത്തുനിന്നില്ല. രാജിക്കത്ത് നല്‍കിയ ശേഷമാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും ബാബു പറഞ്ഞു. വിജിലന്‍സ് കോടതിയുടെ ഉത്തരവ് അനുചിതമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടപ്പോഴും രാജിതീരുമാനത്തില്‍ താന്‍ ഉറച്ചുനിന്നു. എന്നാല്‍, ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനങ്ങളെ മാനിക്കാനുള്ള ബാധ്യത തനിക്കുണ്ട്. മുന്നണിയുടെയും പാര്‍ട്ടിയുടെയും അവിഭാജ്യഘടകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ വ്യക്തിപരമായ യശസ്സിനെ മാത്രം ലാക്കാക്കി പ്രവര്‍ത്തിക്കാനാവില്ല. താന്‍ സ്വതന്ത്രനായി മല്‍സരിച്ചു ജയിച്ചയാളല്ല. പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച എംഎല്‍എയാണ്. ഇവിടെ തന്റെ വ്യക്തിപരമായ തീരുമാനത്തിനും താല്‍പര്യത്തിനും പ്രസക്തിയില്ല. തീരുമാനം വ്യക്തിപരമായിരുന്നെങ്കില്‍ മന്ത്രിയായി തിരിച്ചുവരില്ലായിരുന്നുവെന്നും ബാബു വ്യക്തമാക്കി.
മാണി മന്ത്രിസഭയിലേക്ക് തിരിച്ചുവരണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നും ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it