Flash News

രാജിവെക്കില്ല;ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്:പിബി അബ്ദുല്‍ റസാഖ്

രാജിവെക്കില്ല;ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്:പിബി അബ്ദുല്‍ റസാഖ്
X


മലപ്പുറം:മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തുവെന്ന ബിജെപിയുടെ ആരോപണം തള്ളി മുസ്‌ലിം ലീഗ് നേതാവും എംഎല്‍എയുമായ പിബി അബ്ദുല്‍ റസാഖ് രംഗത്ത്. ആരോപണത്തിന്റെ പേരില്‍ താന്‍ രാജിവച്ച് മഞ്ചേശ്വരത്ത് ഉപതരിഞ്ഞെടുപ്പ് നടത്തുമെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജനങ്ങള്‍ക്കിടിയില്‍ മുസ്‌ലിം ലീഗിനെ കള്ളന്‍മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അബ്ദുല്‍ റസാഖ് ആരോപിച്ചു.
മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്നാരോപിച്ച് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ നിലവിലെ എംഎല്‍എയെ രാജിവെപ്പിച്ച് മഞ്ചേശ്വരത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി അബ്ദുല്‍ റസാഖ് എംഎല്‍എ രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പില്‍ കള്ളവോട്ടു നടന്നുവെന്നത് തെറ്റായ പ്രചാരണമാണ്. മരിച്ചുപോയവരുടെ പേരില്‍ കള്ളവോട്ട് ചെയ്തുവെന്നാണ് തങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ അവരെല്ലാം ഇപ്പോഴും ജീവനോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. ഇതിന്റെ പേരില്‍ രാജിവക്കുകയോ ഇടതുപക്ഷവുമായി ധാരണയുണ്ടാക്കി ഉപതിരഞ്ഞെടുപ്പു നടത്തുകയോ ചെയ്യാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരോപണം മുസ്‌ലിം ലീഗ് ഗൗരവമായി എടുത്തിട്ടില്ല. കേസില്‍ കോടതി വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 89 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സുരേന്ദ്രനെ തോല്‍പ്പിച്ച് അബ്ദുല്‍ റസാഖ് ജയിച്ചത്. കള്ളവോട്ട് നടന്നുവെന്നു തെളിഞ്ഞാല്‍ സുരേന്ദ്രനെ വിജയിയായി പ്രഖ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it