malappuram local

രാജിയും പടലപ്പിണക്കവും: മലപ്പുറത്ത് ലീഗില്‍ ഭിന്നത

മലപ്പുറം: പടലപ്പിണക്കം നഗര ഭരണത്തെ ബാധിച്ചതിനൊപ്പം മലപ്പുറം നഗരസഭയില്‍ പാര്‍ട്ടിക്കുള്ളിലെ രാജിയും മുസ്‌ലിം ലീഗിനുള്ളില്‍ പുകയുന്നു. നഗരഭരണത്തിലെ ചേരി തിരിവ് നേരത്തെ തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിറകെയാണ് നഗരസഭ 31ാം വാര്‍ഡ് ഇത്തിള്‍പറമ്പ്- കൈനോട് വാര്‍ഡ് കമ്മിറ്റി രാജിവെച്ചത്. വാര്‍ഡ് പ്രസിഡന്റ് സി കെ ഫിറോസും സെക്രട്ടറി പി ഫസലുമാണ് കമ്മിറ്റി പിരിച്ചു വിട്ട് രാജിവെച്ചത്.
വാര്‍ഡിലെ ശിഹാബ് തങ്ങള്‍ ഭവന പദ്ധതിയില്‍ ഒന്നും രണ്ടും ഘഡുക്കള്‍ ലഭിച്ച് നിര്‍മാണമാരംഭിച്ചവര്‍ക്കു പോലും തുടര്‍ സഹായം നല്‍കാത്തതിനാല്‍ വീടുപണി നിലച്ചിരുന്നു.വാര്‍ഡ് കമ്മിറ്റി ഒട്ടേറെ തവണ നേതൃത്വത്തെ ഇക്കാര്യം ബോധ്യപ്പെടുത്തിയെങ്കിലും അവഗണനയായിരുന്നു ഫലം. ഇതേ തുടര്‍ന്നാണ് രാജി. എന്നാല്‍ 15 കോടി രൂപയുടെ റോഡ് നിര്‍മാണത്തിന് നഗരസഭ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഒട്ടേറെ തവണ തിരുവനന്തപുരത്ത് പോയെന്നും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി ഫണ്ട് നേടിയെടുക്കുകയും ചെയ്തിരുന്നു. കരാറുകാരില്‍ നിന്നും അഞ്ച് ശതമാനം കമ്മീഷന്‍ ലഭിക്കുമെന്നതിനാലാണിതെന്നാണ് വാര്‍ഡ് കമ്മിറ്റിയുടെആരോപണം.ഇതിനെ ചോദ്യം ചെയ്തപ്പോള്‍ വികസന വിരോധികളെന്ന് ആക്ഷേപിക്കുകയായിരുന്നുവത്രെ.
സമാനമായ പ്രശ്‌നങ്ങള്‍ നഗരസഭയിലെ പല വാര്‍ഡുകളിലും നിലനില്‍ക്കുന്നുണ്ട്.ഏകാധിപതിയെപ്പോലെയാണ് മുസ്‌ലിംലീഗ് മലപ്പുറം നഗരസഭാ ജനറല്‍ സെക്രട്ടറി പെരുമാറുന്നതെന്നും ഇതിനു കടിഞ്ഞാണിട്ടില്ലെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രത്യാഘാതമുണ്ടാകുമെന്നും 31ം വാര്‍ഡ് കമ്മിറ്റി മാധ്യമങ്ങള്‍ക്കു നല്‍കിയ കത്തില്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.പ്രവര്‍ത്തക കണ്‍വന്‍ഷന് വിളിച്ച് സെക്രട്ടറിക്കെതിരെ ശക്തമായ തുടര്‍ നടപടികളുമായി മുന്നോട്ടു പോകുമെന്നും രാജിവെച്ചവര്‍ പറയുന്നു.വരും ദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്നും നഗരസഭാ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുമെന്നും രാജിവെച്ചവര്‍ പറയുന്നു.
Next Story

RELATED STORIES

Share it