Flash News

രാജിക്ക് കാരണം ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചത്: സുധീരന്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദം മൂലമാണെന്നു സുധീരന്റെ വെളിപ്പെടുത്തല്‍. സഹികെട്ടാണ് തനിക്ക് രാജിവയ്‌ക്കേണ്ടി വന്നത്. ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരത്തിന്റെ ഇരയാണ് താന്‍. സംഘടനാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ് അന്ന് രാജിവയ്‌ക്കേണ്ടി വന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.
ഗ്രൂപ്പ് കാരണം സംഘടനാ സംവിധാനം മുന്നോട്ടു കൊണ്ടുപോവാനായില്ല. ഗ്രൂപ്പ് അതിപ്രസരം തിരഞ്ഞെടുപ്പില്‍ തോല്‍വിക്ക് കാരണമായി. കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരും. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി നില്‍ക്കുന്നതെന്നും അതുകൊണ്ടു തന്നെ ഇത്തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ടു പോവാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍മാരും  ഒറ്റക്കെട്ടായി മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ തീരുമാനങ്ങള്‍ ഏകപക്ഷീയമായി വരരുത്. രാജ്യസഭാ സീറ്റുകളുടെ തീരുമാനം തെറ്റു തന്നെയാണ്. താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് അംഗീകാരം കിട്ടണം. നല്ല പ്രവര്‍ത്തകരെ മാറ്റി ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് ഇഷ്ടമുള്ളവരെ വയ്ക്കുന്ന പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചത്. ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കു പകരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നുംസുധീരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനം ആരോഗ്യകാരണങ്ങളാല്‍ ഒഴിയുകയാണെന്നാണ് രാജിവയ്ക്കുന്ന സമയത്ത് സുധീരന്‍ പറഞ്ഞത്.
എന്നാല്‍, പാര്‍ട്ടിയില്‍ ഗ്രൂപ്പ് അതിപ്രസരമെന്ന സുധീരന്റെ നിലപാട് സ്വന്തം അഭിപ്രായമാണെന്നു കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ട്. എന്നാല്‍ അതിപ്രസരം ഇല്ല. പാര്‍ട്ടിയിലെ വിമര്‍ശനം എംഎല്‍എമാര്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടു. പി ജെ കുര്യനെതിരായ യുവ എംഎല്‍എമാരുടെ വിമര്‍ശനങ്ങള്‍ തെറ്റാണെന്നും ഹസന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിനു തുടര്‍ഭരണം കിട്ടാതിരിക്കാന്‍ കാരണം വി എം സുധീരനായിരുന്നെന്നു കെ സി ജോസഫ് അഭിപ്രായപ്പെട്ടു. സുധീരന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ആരോഗ്യകാരണം പറഞ്ഞാണ്. സുധീരന്‍ നാടകം കളിക്കരുത്. കേരളത്തിലെ കോണ്‍ഗ്രസ് ദുര്‍ബലമാണ്. അതിനെ നശിപ്പിക്കരുത്. കലാപത്തിന് ഇറങ്ങിത്തിരിക്കരുതെന്നും സുധീരനോട് ജോസഫ് പറഞ്ഞു.
കെപിസിസി യോഗത്തില്‍ സുധീരനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. വിമര്‍ശനമുന്നയിച്ച യുവ എംഎല്‍എമാര്‍ക്കെതിരേയും കെ സി ജോസഫും ആര്യാടന്‍ മുഹമ്മദും പ്രതികരിച്ചു.
Next Story

RELATED STORIES

Share it