രാജാക്കാട് കരുണാഭവന്‍കുട്ടികളെ കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് റിപോര്‍ട്ട് സമര്‍പ്പിച്ചു

തൊടുപുഴ: രാജാക്കാട് ഡിവൈന്‍ ഫൗണ്ട്‌ലിങ് ഹോമില്‍ (കരുണാഭവന്‍) നിന്ന് അപ്രത്യക്ഷരായ കുട്ടികളെ സംബന്ധിച്ച് അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് സംഘം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിച്ചു. രാജാക്കാട് കരുണാഭവനില്‍ കുട്ടികളെ അനധികൃതമായി സൂക്ഷിച്ചുവെന്ന ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ കണ്ടെത്തലുകളെ സ്ഥിരീകരിക്കുന്നതാണ് ക്രൈംബ്രാഞ്ച് റിപോര്‍ട്ട്.
എന്നാല്‍ മനുഷ്യക്കടത്തോ, കുട്ടികളുടെ വില്‍പനയോ ഇത്തരത്തില്‍പ്പെട്ട സാമ്പത്തിക ക്രയവിക്രയങ്ങളോ നടന്നതിനു തെളിവു ലഭിച്ചിട്ടില്ലെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കരുണാഭവന്‍ മേല്‍വിലാസത്തില്‍ നിന്നും സമീപത്തെ അങ്കണവാടികളില്‍ പോവുകയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയ്ത 41 കുട്ടികളെക്കുറിച്ചാണ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. ആഭ്യന്തര വകുപ്പിന് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അന്വേഷണം. ഇൗ കുട്ടികളെല്ലാം കരുണാഭവനില്‍ നിന്നും സമീപത്തെ അങ്കണവാടിയില്‍ പോയിരുന്നു.
എന്നാല്‍ കരുണാഭവന്റെ രജിസ്റ്ററില്‍ ഈ കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നില്ല. അങ്കണവാടിയിലാവട്ടെ ഇവരുടെ മറ്റു മേല്‍വിലാസങ്ങളോ, വിവരങ്ങളോ ഒന്നും ഇല്ലായിരുന്നു. ക്രൈംബ്രാഞ്ച് സംഘം അനാഥാലയം നടത്തിപ്പുകാര്‍ നല്‍കിയ വിവരമനുസരിച്ച് വിവിധ ഇടങ്ങളില്‍ കഴിഞ്ഞുവന്ന കുട്ടികളെ കണ്ടെത്തുകയായിരുന്നു. 500ഓളം കേന്ദ്രങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കണ്ടെത്തിയതെന്ന് അന്വേഷണ സംഘാംഗം തേജസിനോട് പറഞ്ഞു.
ഈ കുട്ടികളെ വില്‍പന നടത്തുകയോ, മറ്റോ ചെയ്തതായി തെളിവ് കിട്ടിയില്ല. എന്നാല്‍ രജിസ്റ്ററില്‍ പേര്‍ ചേര്‍ക്കാതെ കുട്ടികളെ അനാഥാലയത്തില്‍ അനധികൃതമായി സൂക്ഷിച്ചുവെന്നതിന് തെളിവു ലഭിച്ചു. സംസ്ഥാന ശിശുസംരക്ഷണ സൊസൈറ്റി പ്രോഗ്രാം മാനേജര്‍ എസ് ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷംനാദ് വി എ, സ്‌റ്റേറ്റ് റിസോഴ്‌സ് അഡോപ്ഷന്‍ ഏജന്‍സി പ്രോഗ്രാം മാനേജര്‍ നിജോ സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഇന്‍സ്‌പെക്ഷനിലാണു കരുണാഭവനില്‍ നിന്നു സമീപത്തെ അങ്കണവാടികളില്‍ അയച്ചിരുന്ന 41 കുട്ടികളെ കാണാനില്ലെന്നു കണ്ടത്.
തുടര്‍ന്ന് സാമൂഹിക നീതി ഡയറക്ടര്‍, അഡീഷനല്‍ സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍, നിയമ ഓഫിസര്‍ എന്നിവരുള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ അന്വേഷണത്തിനു നിയോഗിച്ചു. സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴും കണക്കില്‍പ്പെടാത്ത കുട്ടികളെ സ്ഥാപനത്തില്‍ കണ്ടെത്തി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശമുണ്ടായത്.
Next Story

RELATED STORIES

Share it