രാജാക്കാട് കരുണാഭവനില്‍ നിന്നു കുട്ടികളെ കാണാതായ സംഭവം; ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

സി എ സജീവന്‍
രാജാക്കാട്: രാജാക്കാട് ഡിവൈന്‍ ഫൗണ്ട്‌ലിങ് ഹോമിന്റെ (കരുണാഭവന്‍) മേല്‍വിലാസത്തില്‍ നിന്നു സമീപത്തെ അങ്കണവാടികളില്‍ പോവുകയും പിന്നീട് അപ്രത്യക്ഷരാവുകയും ചെയ്ത കുട്ടികളെക്കുറിച്ച് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി കരുണാഭവനില്‍ പ്രവേശിപ്പിച്ച കുട്ടികളെക്കുറിച്ച് അന്വേഷിക്കണമെന്ന് സര്‍ക്കാര്‍ ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കിയതിന്റെ തുടര്‍ച്ചയായാണ് അന്വേഷണം.
ഇതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ ശിശുസംരക്ഷണസമിതി ചെയര്‍മാനില്‍ നിന്നും അന്വേഷണസംഘം വിവരം ശേഖരിച്ചതായി ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കും. രഹസ്യസ്വഭാവമുള്ളതിനാല്‍ അന്വേഷണ റിപോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രൈംബ്രാഞ്ച് ഓഫിസില്‍ വിളിച്ചുവരുത്തിയാണ് സിഡബ്ല്യൂസി ചെയര്‍മാനില്‍ നിന്നു കാര്യങ്ങള്‍ തിരക്കിയത്.
കരുണാഭവന്റെ നിയമാനുസൃതമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് ശിശുസംരക്ഷണസമിതി ചെയര്‍മാന്‍ കൂട്ടുനിന്നെന്നു സംശയിക്കുന്നതായി ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ സെക്രേട്ടറിയറ്റില്‍ നിന്നുള്ള സംഘം റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനാലാണ് ഇദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ച് അന്വേഷണം നടത്തുന്നത്. ശിശുസംരക്ഷണ വകുപ്പും സാറാ (എസ്എആര്‍എ) ഉള്‍പ്പെടെയുള്ള ഏജന്‍സികളും നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനത്തിന്റെ ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരേ കരുണാഭവന്‍ മാനേജിങ് ട്രസ്റ്റി ട്രീസാ തങ്കച്ചന്‍ ഹൈക്കോടതിയെ സമീപിച്ചു. വിശദീകരണം ചോദിക്കാതെയാണ് നടപടിയെടുത്തതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ഹരജി നല്‍കിയത്.
നിയമാനുസൃതം തന്നെയാണ് നടപടിയെടുത്തതെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചെങ്കിലും വീണ്ടും ഉന്നതതല അന്വേഷണം നടത്തണമെന്നും അനാഥാലയം നടത്തിപ്പുകാരുടെ വിശദീകരണം ഒരിക്കല്‍ക്കൂടി കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് സാമൂഹികനീതി ഡയറക്ടര്‍, അഡീഷനല്‍ സെക്രട്ടറി, അസിസ്റ്റന്റ് ഡയറക്ടര്‍, നിയമ ഓഫിസര്‍ എന്നിവരുള്‍പ്പെട്ട സംഘത്തെ സര്‍ക്കാര്‍ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. സംഘം പരിശോധനയ്‌ക്കെത്തിയപ്പോഴും കണക്കില്‍പ്പെടാത്ത കുട്ടികളെ സ്ഥാപനത്തില്‍ കണ്ടെത്തി. അതിനെക്കുറിച്ചും സ്ഥാപനം നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. സ്ഥാപനത്തില്‍ നേരത്തെ കണ്ടെത്തിയ ക്രമക്കേടുകള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നു മാത്രമല്ല വീഴ്ചകള്‍ ആവര്‍ത്തിക്കുന്നതായും ഉന്നത സമിതി കണ്ടെത്തി. അതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കണമെന്നു സംഘം ശുപാര്‍ശചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായത്.
ശിശുസംരക്ഷണ സമിതിയുടെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെയും അനുമതിയില്ലാതെ അനധികൃതമായി കുട്ടികളെ താമസിപ്പിക്കുന്നതു തുടര്‍ന്നുവെന്ന് കണ്ടതിനാല്‍ സ്ഥാപനത്തിന്റെ ദത്തെടുക്കല്‍ കേന്ദ്രമെന്ന നിലയ്ക്കുള്ള ലൈസന്‍സ് റദ്ദാക്കിയത് പുനസ്ഥാപിക്കേണ്ടതില്ലെന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കരുണാഭവന്റെ കീഴിലുള്ള ബാലികാ സദനത്തിന്റെ പ്രവര്‍ത്തനവും സുതാര്യമല്ലാത്തതിനാല്‍ ഇതിന്റെ അംഗീകാരവും പിന്‍വലിക്കുന്നത് പരിഗണിക്കണമെന്നു സര്‍ക്കാര്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനോടും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it