Flash News

രാജസ്ഥാന്‍: 3 സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജസ്ഥാനിലും പശ്ചിമബംഗാളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്നു സീറ്റും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ആള്‍വാര്‍, അജ്മീര്‍ ലോക്‌സഭാ സീറ്റുകളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്കുമായിരുന്നു തിരഞ്ഞെടുപ്പ്. അജ്മീറില്‍ 21000ത്തിലധികം വോട്ടിന്റെ ലീഡാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രഘു ശര്‍മയ്ക്കുള്ളത്. ആള്‍വാറില്‍ 39,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ്സിനുള്ളത്. മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലേക്ക് നടന്ന വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിജെപി ജനപ്രതിനിധികളുടെ മരണത്തെ തുടര്‍ന്നാണ് മൂന്നിടത്തും ഉപതിരഞ്ഞെടുപ്പ് നടന്നത്. അജ്മീറില്‍ 23ഉം ആള്‍വാറില്‍ 11ഉം മണ്ഡല്‍ഗഡില്‍ എട്ടും സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. പശ്ചിമ ബംഗാളിലെ നവോപാര നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ സുനില്‍ സിങ് വിജയിച്ചു. 63,000ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുനില്‍ സിങ് ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. ഇവിടെ സിപിഎം മൂന്നാംസ്ഥാനത്തും കോണ്‍ഗ്രസ് നാലാംസ്ഥാനത്തുമാണ്. പശ്ചിമബംഗാളിലെ ഉലുബെറിയ ലോക്‌സഭാ മണ്ഡലത്തിലും തൃണമൂല്‍ സ്ഥാനാര്‍ഥി വിജയിച്ചു. തൃണമൂല്‍ എംപിയായിരുന്ന സുല്‍ത്താന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഉലുബെറിയ സീറ്റില്‍ ഒഴിവുവന്നത്. കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന മധുസൂദന്‍ ഘോസെയുടെ നിര്യാണത്തെ തുടര്‍ന്നാണ് നവോപാരയിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചതുഷ്‌കോണ മല്‍സരമാണ് ഇരുമണ്ഡലങ്ങളിലും അരങ്ങേറിയത്.
Next Story

RELATED STORIES

Share it