Flash News

രാജസ്ഥാന്‍ പാഠപുസ്തകങ്ങളില്‍ സവര്‍ക്കര്‍ക്ക് ഗാന്ധിയേക്കാള്‍ പ്രാധാന്യം

രാജസ്ഥാന്‍ പാഠപുസ്തകങ്ങളില്‍ സവര്‍ക്കര്‍ക്ക് ഗാന്ധിയേക്കാള്‍ പ്രാധാന്യം
X


ന്യൂഡല്‍ഹി: തീവ്രഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയേക്കാള്‍ പ്രാധാന്യം നല്‍കി രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡ്. കോണ്‍ഗ്രസ് നേതാക്കളെ ബ്രിട്ടിഷുകാരുടെ വളര്‍ത്തുമൃഗങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന പുസ്തകങ്ങള്‍ സര്‍ക്കാരിന്റെ നോട്ടുനിരോധനം കള്ളപ്പണം പൂര്‍ണമായി തുടച്ചുമാറ്റുന്നതിനുള്ള യുദ്ധത്തിന്റെ ഭാഗമായിരുന്നുവെന്നു പറയുന്നു. 10, 11, 12 ക്ലാസുകളിലെ രാഷ്ട്രതന്ത്രത്തിന്റെ പുസ്തകങ്ങളിലാണ് സംഘപരിവാര ആശയങ്ങള്‍ കുത്തിനിറച്ചിരിക്കുന്നത്. ഗാന്ധിജിയെ കൊലപ്പെടുത്തിയ കേസില്‍ ആരോപണവിധേയന്‍കൂടിയായ സവര്‍ക്കറെ വിപ്ലവകാരി, മഹാനായ ദേശസ്‌നേഹി, കവി, സംഘാടകന്‍ എന്നിങ്ങനെയാണ് 10ാംക്ലാസിലേക്കുള്ള പാഠപുസ്തകത്തില്‍ വിശേഷിപ്പിക്കുന്നത്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കാനായി സവര്‍ക്കര്‍ ചെയ്ത ത്യാഗങ്ങള്‍ വിലമതിക്കാനാവാത്തതും വാക്കുകള്‍ക്ക് അപ്പുറവുമാണ്. സ്വാതന്ത്ര്യസമര നേതാക്കളിലെ സംഘപരിവാര ആഭിമുഖ്യമുള്ളവരും ഹിന്ദുമഹാസഭാപ്രവര്‍ത്തകരുമായ നേതാക്കളെക്കുറിച്ചു കൂടുതല്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഗാന്ധിജിയെക്കുറിച്ചു ചെറിയൊരു ഭാഗമേയുള്ളൂ. 10ാം ക്ലാസിലേക്കുള്ള പുസ്തകത്തില്‍ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പൂര്‍ണമായി നീക്കി. കഴിഞ്ഞ വര്‍ഷം ഇറക്കിയ എട്ടാം ക്ലാസ് സാമൂഹ്യപാഠ പുസ്തകങ്ങളില്‍ നിന്ന് നെഹ്‌റുവിനെ പുറത്താക്കിയത് വിവാദമായിരുന്നു. ഏകീകൃത സിവില്‍ കോഡ്, ഹിന്ദി ഭാഷ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ പരാമര്‍ശങ്ങളും അടങ്ങിയ പുസ്തകത്തില്‍ കോ ണ്‍ഗ്രസ് നേതാക്കളെ പരിഹസിക്കുന്നുമുണ്ട്. 11ാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തില്‍ നിസ്സഹകരണപ്രസ്ഥാനം, നിയമലംഘനപ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ എന്നിവയെ കുറിച്ചു കൂടുതല്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇക്കാര്യങ്ങളിലുള്ള ഗാന്ധിജിയുടെ പങ്ക് വളരെ നിസ്സാരമാക്കുകയാണ്. നെഹ്‌റുവിനെ കുറിച്ച് ഇവിടെ പരാമര്‍ശിക്കുന്നേയില്ല.12ാം ക്ലാസിലേക്കുള്ള രാഷ്ട്രതന്ത്ര പാഠപുസ്തകത്തി ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം കള്ളപ്പണം പൂര്‍ണമായി തുടച്ചുമാറ്റുന്നതിനുള്ള യുദ്ധത്തിന്റെ ഭാഗമായിരുന്നെന്നു പറയുന്നു.  കള്ളപ്പണം എന്ന പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ചതുപോലെ, രാജ്യത്തുടനീളം ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാനും നോട്ടുനിരോധനം സഹായിക്കുമെന്നു പുസ്തകത്തില്‍ പറയുന്നു. പുസ്തകത്തിനെതിരേ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it