രാജസ്ഥാന്‍: ദലിത് വിദ്യാര്‍ഥിനിയുടെ വധം;  സിബിഐ അന്വേഷണം വേണമെന്ന് എന്‍സിഎച്ച്ആര്‍ഒ

ന്യൂഡല്‍ഹി: രാജസ്ഥാനിലെ ബിക്കാനീറിനു സമീപം നോഖയില്‍ അധ്യാപന കോഴ്‌സിനു പഠിക്കുന്ന ദലിത് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ).
സംഭവത്തില്‍ സംഘടന നിയോഗിച്ച വസ്തുതാന്വേഷണ കമ്മിറ്റിയുടെ റിപോര്‍ട്ടിലാണ് യഥാര്‍ഥ വസ്തുതകള്‍ പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. ബാര്‍മറില്‍ നിന്നുള്ള പതിനേഴുകാരിയായ ഡെല്‍റ്റയെ കഴിഞ്ഞ മാസം 29നാണ് ഡെല്‍റ്റ പഠിക്കുന്ന ആദര്‍ശ് ഗേള്‍സ് ടീച്ചിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സമീപത്തെ ജലസംഭരണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നായിരുന്നു പോലിസ് വാദം. കുടുംബവും സഹപാഠികളും പരാതി നല്‍കിയതോടെ മാത്രമാണ് സംഭവത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായത്. തുടര്‍ന്ന് കോളജിലെ കായിക പരിശീലകന്‍ വിജേന്ദര്‍ സിങിനെ അറസ്റ്റ് ചെയ്തിരുന്നു. മാനഭംഗപ്പെടുത്തിയശേഷം വിജേന്ദര്‍ ഡെല്‍റ്റയെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ തള്ളുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വിജേന്ദര്‍ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഇത് ഗുരുതരമായ പിഴവാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംഘം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ പെരുമാറ്റങ്ങളും സംശയാസ്പദമാണെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. എന്‍സിഎച്ച്ആര്‍ഒ രാജസ്ഥാന്‍ സെക്രട്ടറി അന്‍സാര്‍ ഇന്ദോരി, ജോയിന്റ് സെക്രട്ടറി ഡോ. കല്‍പന ചിറ്റൂര്‍ഗഡ്, സാമൂഹിക പ്രവര്‍ത്തകരായ മെഹബൂബ് അലി, അബ്ദുല്‍ നയീം എന്നിവരായിരുന്നു വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it