രാജസ്ഥാനില്‍ മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ബിജെപി നേതാക്കളുടെ തമ്മില്‍ത്തല്ല്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രി വസുന്ധര രാജെ പങ്കെടുത്ത റാലിയുടെ പൊതുവേദിയില്‍ ബിജെപി നേതാക്കള്‍ ഏറ്റുമുട്ടി. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍ മാനവേന്ദ്ര സിങ് പാര്‍ട്ടി വിട്ടതിന്റെ ആഘാതത്തിനിടെ നേതാക്കളുടെ തമ്മില്‍ത്തല്ല് ബിജെപിക്ക് രാജസ്ഥാനില്‍ വീണ്ടും തലവേദനയായി.
അല്‍വാറില്‍ നടന്ന പാര്‍ട്ടി റാലിയില്‍ രോഹിതാഷ് ശര്‍മ, ദേവിസിങ് ഷെഖാവത്ത് എന്നിവരാണ് തമ്മില്‍ത്തല്ലിയത്. വസുന്ധര രാജെയുടെ സുരക്ഷാ ഉദ്യോസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അടി അവസാനിപ്പിച്ചത്. ഗൗരവ് യാത്ര റാലിയില്‍ മുഖ്യമന്ത്രിയുടെ പ്രഭാഷണം നടക്കാനിരിക്കെയായിരുന്നു സംഭവം.
അതേസമയം, ബിജെപിയുടെ ഗൗരവ് യാത്രയെ പൊളിക്കാനായി മാനവേന്ദ്ര സിങ് സ്വാഭിമാന്‍ യാത്ര നടത്തുന്നുണ്ട്. ബാര്‍മറില്‍ സംഘടിപ്പിച്ച റാലിയിലാണ് ബിജെപി ബന്ധം ഉപേക്ഷിക്കുന്ന പ്രഖ്യാപനം മാനവേന്ദ്ര നടത്തിയത്. താമരപ്പൂവ് തിരഞ്ഞെടുത്തത് തന്റെ വലിയ പിഴവാണെന്ന് മാനവേന്ദ്ര വ്യക്തമാക്കി. ബന്ധുവും മുഖ്യമന്ത്രിയുമായ വസുന്ധര രാജെയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജസ്വന്ത് സിങിന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ബാര്‍മര്‍, ജയ്‌സാല്‍മീര്‍ സീറ്റ് നിഷേധിച്ചിരുന്നു.
എങ്കിലും സ്വതന്ത്രസ്ഥാനാര്‍ഥിയായ പിതാവിനു വേണ്ടി പ്രചാരണം നടത്തിയ മാനവേന്ദ്രയെ പാര്‍ട്ടിയില്‍ നിന്ന് താല്‍ക്കാലികമായി പുറത്താക്കിയിരുന്നു. ശിയോ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മാനവേന്ദ്ര സിങ്.

Next Story

RELATED STORIES

Share it