രാജസ്ഥാനില്‍ ഗുജ്ജാറുകളടക്കം അഞ്ച് സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം

ജയ്പൂര്‍: രാജസ്ഥാനില്‍ ഗുജ്ജാറുകളടക്കം അഞ്ച് സമുദായങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്‍കും. നിയമപരിധിയായ 50 ശതമാനം സംവരണത്തിനകത്ത് നിന്നുകൊണ്ടാവും ഇവര്‍ക്ക് സംവരണം നല്‍കുകയെന്ന് സംസ്ഥാന പാര്‍ലമെന്ററി കാര്യ മന്ത്രി രാജേന്ദ്ര റാത്തോഡ് പറഞ്ഞു.ബഞ്ചാര, ഗാഡിയ, റായ്ക, ഗഡാരിയ എന്നീ സമുദായങ്ങള്‍ക്കാണ് ഗുജ്ജാറുകളെ കൂടാതെ സംവരണാനുകൂല്യം ലഭിക്കുക. അതിപിന്നാക്ക വിഭാഗത്തില്‍പെടുത്തി ഇവര്‍ക്ക് സംവരണം നല്‍കും. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചശേഷം ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ മൊത്തം സംവരണം ഇപ്പോള്‍ 49 ശതമാനമാണ്. 1994ല്‍ മറ്റു പിന്നാക്ക വിഭാഗത്തില്‍ ഈ സമുദായങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. സംസ്ഥാന മന്ത്രിസഭയുടെ പുതിയ തീരുമാനപ്രകാരം ഇവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളിലും ആനുകൂല്യങ്ങള്‍ നേടാനാവും. ഒബിസി സംവരണം 21ല്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തിക്കൊണ്ട് രാജസ്ഥാന്‍ നിയമസഭ കഴിഞ്ഞ ഒക്ടോബറില്‍ ബില്ല് പാസാക്കിയിരുന്നു. ഗുജ്ജാറുകള്‍ക്കും മറ്റ് സമുദായങ്ങള്‍ക്കും അഞ്ച് ശതമാനം സംവരണം നല്‍കുന്നതിനായിരുന്നു അത്. എന്നാല്‍, ഹൈക്കോടതി ബില്ല് സ്‌റ്റേ ചെയ്തു. മൊത്തം സംവരണം 54 ശതമാനമാവുമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അത്. സംവരണ പരിധി 50 ശതമാനം കവിയരുതെന്ന് സുപ്രിംകോടതിയും പിന്നീട് രാജസ്ഥാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. തങ്ങള്‍ക്ക് സംവരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗുജ്ജാറുകള്‍ പ്രക്ഷോഭം നടത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജസ്ഥാന്‍  സര്‍ക്കാരിന്റെ പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it