രാജപ്പന് കലാകേരളത്തിന്റെ യാത്രാമൊഴി

കോട്ടയം: ഹാസ്യ കഥാപ്രസംഗങ്ങളിലൂടെ മലയാളിയെ പൊട്ടിച്ചിരിപ്പിച്ച് വിടവാങ്ങിയ വി ഡി രാജപ്പന് കലാകേരളം കണ്ണീരോടെ യാത്രാമൊഴി നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ഏറ്റുമാനൂര്‍ പേരൂരിലെ വീട്ടുവളപ്പില്‍ ഇന്നലെ വൈകീട്ടാണ് മൃതദേഹം സംസ്‌കരിച്ചത്. മൂത്ത മകന്‍ രാജേഷ് ചിതയ്ക്ക് തീകൊളുത്തി. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരുമായ വലിയ ജനാവലി മൃതദേഹം അവസാനമായി ഒരു നോക്കുകാണാന്‍ പേരൂരിലെ വീട്ടില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി കെ സി ജോസഫ്, സുരേഷ്‌കുറുപ്പ് എംഎല്‍എ, മുന്‍എംഎല്‍എ തോമസ് ചാഴിക്കാടന്‍, നടന്‍ ഉണ്ടപക്രു, കലാഭവന്‍ പ്രജോദ്, ഭാഗ്യലക്ഷ്മി തുടങ്ങിവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. അദ്ദേഹത്തിനോടൊപ്പം ഹാസ്യ കഥാപ്രസംഗ രംഗത്തും പാരഡിരംഗത്തും പ്രവര്‍ത്തിച്ച നിരവധി പേര്‍ മൃതദേഹം കാണാനെത്തി. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യാഴാഴ്്ച തന്നെ രാജപ്പന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചിരുന്നു. 70കളുടെ ആദ്യം ഹാസ്യകഥാപ്രസംഗത്തിനും സിനിമാ ഗാനങ്ങളുടെ പാരഡിഗാനങ്ങള്‍ക്കും തുടക്കമിട്ട വി ഡി രാജപ്പന്‍ വര്‍ധക്യകാല അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്്ച ഉച്ചയോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ചലച്ചിത്രരംഗത്തും അദ്ദേഹം ഹാസ്യാത്മക വേഷമിട്ട് മലയാളിയെ പൊട്ടിച്ചിരിപ്പിച്ചിരുന്നു. മാക് മാക്, ചികയുന്ന സുന്ദരി, പ്രിയേ നിന്റെ കുര തുടങ്ങിയ നിരവധി ഹാസ്യകഥാപ്രസംഗങ്ങള്‍ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Next Story

RELATED STORIES

Share it