രാജന്‍ ബാബുവിനെ പുറത്താക്കി; സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കില്ല

തിരുവനന്തപുരം: കെ ആര്‍ ഗൗരിയമ്മയുടെ നേതൃത്വത്തിലുള്ള മാതൃസംഘടനയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ ബാബുവിനെ പുറത്താക്കാന്‍ യുഡിഎഫ് തീരുമാനം. ഇനി യുഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് രാജന്‍ ബാബുവിനെ നേതൃത്വം അറിയിച്ചു.
ഗൗരിയമ്മ യുഡിഎഫ് വിട്ടപ്പോഴും രാജന്‍ബാബു മുന്നണിയില്‍ തുടരുകയായിരുന്നു. വെള്ളാപ്പള്ളിക്കൊപ്പം ബിഡിജെഎസിന്റെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ച രാജന്‍ ബാബുവിനെ അന്നു യുഡിഎഫ് നേതൃത്വം താക്കീത് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ഗൗരിയമ്മയെ സന്ദര്‍ശിച്ച് രാജന്‍ ബാബു മാതൃസംഘടനയിലേക്ക് മടങ്ങാനുള്ള താല്‍പര്യം അറിയിച്ചതാണ് നടപടിക്ക് കാരണം. വെള്ളാപ്പള്ളിയുമായി സഹകരിച്ചതിനും ഗൗരിയമ്മയെ കണ്ടതിനും രാജന്‍ബാബു നിരത്തുന്ന ന്യായീകരണങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് പ്രകടനപത്രിക 15നു പുറത്തിറക്കും. ഇതിനു മുന്നോടിയായി ഘടകകക്ഷികള്‍, വിവിധ സംഘടനകള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടും. പ്രകടനപത്രികയുടെ കരട് 10ന് ഘടകകക്ഷികള്‍ക്കു നല്‍കും. അവരുടെ അഭിപ്രായം കൂടി തേടിയ ശേഷമാവും പത്രിക പുറത്തിറക്കുക. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ഒന്നു കോണ്‍ഗ്രസ്സിനും മറ്റേതു ജെഡിയുവിനും നല്‍കാനും യോഗം ഔദ്യോഗികമായി തീരുമാനിച്ചു. തങ്ങള്‍ക്കു ലഭിച്ച സീറ്റില്‍ എം പി വീരേന്ദ്രകുമാര്‍ മല്‍സരിക്കുമെന്നു ജെഡിയു മുന്നണിയെ അറിയിച്ചു. സിറ്റിങ് സീറ്റുകള്‍ വിട്ടുനല്‍കേണ്ടെന്നും യുഡിഎഫില്‍ പൊതുധാരണയായി.
സീറ്റ് വിഭജനം സംബന്ധിച്ച് ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും ആരംഭിച്ചു. മുസ്‌ലിംലീഗുമായി ഇന്നലെ ചര്‍ച്ച നടത്തി. കൂടുതല്‍ സീറ്റുകള്‍ വേണ്ടെന്നുപറഞ്ഞ ലീഗ് കഴിഞ്ഞതവണ ജയിച്ച 20 സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറല്ലെന്ന് അറിയിച്ചു. ഈ സീറ്റുകളില്‍ ലീഗിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാമെന്നും നേതൃത്വം അറിയിച്ചു. ബാക്കി നാലു സീറ്റുകള്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വച്ചുമാറാനുള്ള സന്നദ്ധതയും ലീഗ് അറിയിച്ചു. നാളെ ജെഡിയുവുമായും അഞ്ചിന് കേരള കോണ്‍ഗ്രസ് എമ്മുമായും ഏഴിനു ബാക്കി ഘടകകക്ഷികളുമായും ഉഭയകക്ഷി ചര്‍ച്ച നടത്തും. മുഴുവന്‍ കക്ഷികളോടും ഏഴിന് തിരുവനന്തപുരത്ത് എത്താനും നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it