രാജന്റെ മൃതദേഹം എവിടെയെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങുന്നു

കെ സനൂപ്
തൃശൂര്‍: 1976 മാര്‍ച്ച് 1. കോഴിക്കോട് റീജ്യനല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജനെ അന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. 1975-77ലെ അടിയന്തരാവസ്ഥക്കാലത്താണ് രാജനെ നക്‌സല്‍ ബന്ധം ആരോപിച്ച് ജയറാം പടിക്കലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കോളജിലെത്തി കസ്റ്റഡിയിലെടുത്തത്.
കക്കയത്തെ പോലിസ് ക്യാംപില്‍ വച്ച് രാജനെ പടിക്കലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ക്രൂരമായി മര്‍ദിച്ചെന്നും കൊല്ലപ്പെട്ടെന്നും പറയപ്പെടുന്നു. രാജന്റെ മൃതദേഹം പോലിസ് നാമാവശേഷമാക്കിയതായും പറയുന്നു. മികച്ച കലാകാരനായിരുന്ന രാജന്‍ അന്നത്തെ കേരള ആഭ്യന്തരമന്ത്രിയായിരുന്ന കെ കരുണാകരനെ അധിക്ഷേപിച്ചതാണ് പോലിസ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായതെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഭീകരമായ ലോക്കപ്പ് മര്‍ദനത്തില്‍ രാജന്‍ കൊല്ലപ്പെട്ടെന്നാണു പറയപ്പെടുന്നത്.
നിരന്തരം അന്നത്തെ ഭരണാധികാരികള്‍ക്കു മുമ്പില്‍ വേദനയോടെ തന്റെ മകനെവിടെയെന്ന് ആരാഞ്ഞെങ്കിലും രാജന്റെ അച്ഛനും റിട്ടയേര്‍ഡ് കോളജ് പ്രഫസറുമായിരുന്ന ടി വി ഈച്ചരവാര്യര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ച് ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്തു.
കോടതി പരാമര്‍ശത്തെ തുടര്‍ന്ന് 1978ല്‍ കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിപദം രാജിവച്ചു. അടിയന്തരാവസ്ഥക്കാലത്ത് നക്‌സല്‍ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്തതായും ചോദ്യംചെയ്യുന്നതിനിടെ  മരിച്ചെന്നും ബോധ്യപ്പെട്ട കോടതി രാജന്റെ മൃതദേഹം കണ്ടെത്താത്തതിനാല്‍ കേസ് അവസാനിപ്പിക്കുന്നതായി ഉത്തരവിടുകയായിരുന്നു.
'എന്റെ വഴി അവസാനിക്കുകയാണ്. കര്‍ക്കടകത്തില്‍ ഇരമ്പിപ്പെയ്തു വീണ ഒരു മഴയുടെ തോര്‍ച്ച വളരെ അടുത്താണ്. ഈ മഴ എനിക്കുവേണ്ടി പലരും കൂടെ നനഞ്ഞു എന്നതാണ് എന്റെ സാഫല്യം. എന്നും ഞാനിത് ഒരു അനശ്വര നിര്‍മാല്യംപോലെ ചേര്‍ത്തുപിടിക്കുന്നു. രാജന്‍ നന്നായി പാടുമായിരുന്നു. ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈ കര്‍ക്കടകത്തില്‍ മഴ തകര്‍ത്തുപെയ്യുന്നു. പെരുമഴ ശ്രീവിഹാറിനു മുകളില്‍ പെയ്തു വീഴുമ്പോഴൊക്കെ ഞാന്‍ മോനെ ഓര്‍ക്കുന്നു. പടിവാതില്‍ അടച്ചുപൂട്ടിയാലും ആരോ വന്ന് അതു തുറന്ന് പൂമുഖപ്പടിയില്‍ മുട്ടുന്നതുപോലെ. പുറത്ത് മഴ നനഞ്ഞ് എന്റെ മകന്‍ നില്‍ക്കുന്നു. പകയുണ്ടോ എന്ന ചോദ്യത്തിന് ഇപ്പോഴും എനിക്കുത്തരമില്ല. പക്ഷേ, ലോകത്തിനോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു. എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? ഞാന്‍ വാതിലടയ്ക്കുന്നേയില്ല. പെരുമഴ എന്നിലേക്കു പെയ്തുവീഴട്ടെ. ഒരുകാലത്തും വാതിലുകള്‍ താഴിടാനാവാത്ത ഒരച്ഛനെ അദൃശ്യനായ എന്റെ മകനെങ്കിലും അറിയട്ടെ...’’ എന്ന രാജന്റെ പിതാവ് ഈച്ചരവാര്യരുടെ 2004ല്‍ പുറത്തിറങ്ങിയ “ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍’ എന്ന പുസ്തകത്തിലെ വരികള്‍ മലയാളിയുടെ മനസ്സിനെ ഇന്നും കണ്ണീരണിയിക്കുന്നു.
മകനെ കാണാതായി 30 വര്‍ഷത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട് രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ എഴുതിയ ആത്മകഥാപരമായ പുസ്തകമാണ് “ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍.’കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര ആത്മകഥാവിഭാഗത്തിലെ കൃതികള്‍ക്കുള്ള 2004ലെ പുരസ്‌കാരം പുസ്തകത്തിന് ലഭിച്ചു. രാജന്റെ തിരോധാനവുമായി സാമ്യമുള്ള സിനിമയാണ് ഷാജി എന്‍ കരുണ്‍ ആദ്യമായി സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ പിറവി.
ആ വര്‍ഷത്തെ ഏറ്റവും മികച്ച ചലച്ചിത്രത്തിനും സംവിധായകനുമുള്ള ദേശീയ പുരസ്‌കാരം, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്, ലൊക്കാര്‍ണോ ഫെസ്റ്റിവലില്‍ ഗ്രാന്റ് ജൂറി പ്രൈസ്, ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ ഔട്ട്സ്റ്റാന്റിങ് സിനിമ, കാന്‍ ഫെസ്റ്റിവലില്‍ പ്രത്യേക പരാമര്‍ശം, ബഹുമതികള്‍ ഈ ചിത്രം നേടി.
രാജന്റെ തിരോധാനത്തിന് 42 വര്‍ഷം പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ അച്ഛന്‍ ഈച്ചരവാര്യരും കേസില്‍ ഏറെ പഴികേള്‍ക്കേണ്ടിവന്ന കെ കരുണാകരനും ഇന്നില്ല. രാജനെ ഉരുട്ടിക്കൊന്നുവെന്ന് കരുതപ്പെടുന്ന അന്നത്തെ ക്രൈംബ്രാഞ്ച് ഡിഐജി ജയറാംപടിക്കലും ഓര്‍മ മാത്രം.
രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ 2006ലും കെ കരുണാകരന്‍ 2010ലും ജയറാം പടിക്കല്‍ 1997ലും മരിച്ചു. എന്നാല്‍ തിരോധാനത്തിന് 42 വര്‍ഷമാവുമ്പോഴും രാജന്‍ എവിടെ എന്ന ചോദ്യം ഇന്നും ഉത്തരമില്ലാതെ മുഴങ്ങുന്നു.
Next Story

RELATED STORIES

Share it