kasaragod local

രാജന്റെ പച്ചക്കറിത്തോട്ടം നിത്യഹരിതം

നീലേശ്വരം: കാലഭേദമില്ലാതെ പയറും പാവക്കയും നരമ്പനും മത്തനുമൊക്കെ നൂറുമേനി വിളയുമെന്നു തെളിയിക്കുകയാണ് കരിന്തളം ബാങ്കിനു സമീപത്തെ 41 കാരനായ കര്‍ഷകന്‍ എ വി രാജന്‍.
നാലു വര്‍ഷമായി മുഴുവന്‍ സമയവും പച്ചക്കറി കൃഷിയും പശു വളര്‍ത്തലുമായി വിജയം കൊയ്യുകയാണ് ഇദ്ദേഹം. കഴിഞ്ഞ ഓണനാളുകളില്‍ ആയിരക്കണക്കിന് രൂപയുടെ പച്ചക്കറികളാണ് വില്‍പന നടത്തിയത്.
മഴ തുടങ്ങും മുമ്പേ ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്നു. എല്ലാ വര്‍ഷവും ഒന്നിടവിട്ട ദിവസങ്ങളില്‍ വിവിധതരം പച്ചക്കറികള്‍ വിപണിയിലെത്തിക്കും.
ഒരു ഭാഗത്തു വിളവെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ അടുത്ത സ്ഥലത്ത് വിളവെടുക്കാന്‍ പാകത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കുകയാണ് രാജന്റെ കൃഷി രീതി. പയര്‍, പാവയ്ക്ക, വെണ്ട, നരമ്പന്‍, ചീര, വെള്ളരി, കുമ്പളം, മത്തന്‍, വഴുതിന എന്നിവയും കൃഷിചെയ്യുന്നു.
സഹോദരിയുടെ രണ്ടേക്കര്‍ സ്ഥലത്ത് 80 ലോഡ് മണ്ണിട്ടാണ് കൃഷിയിറക്കിയത്. ചെങ്കല്‍ പാറയാണിവിടം. കുഴല്‍ കിണറുമുണ്ടിവിടെ. ചാണകം അടക്കമുള്ള ജൈവവളവും ഗോമൂത്രവും കടല പിണ്ണാക്ക് ചേര്‍ത്തു കലക്കി അഞ്ചു ദിവസം കൂടുംതോറും കൃഷിക്കു ഉപയോഗിക്കും. ഇതു മൂലം കൃഷിയിടം വിഷമുക്തമാകുന്നു.
വീട്ടില്‍ അഞ്ചു പശുക്കളുമുണ്ട് ദിവസം 25 ലിറ്റര്‍ പാല്‍കറക്കുന്നു. പശുക്കളെ കറന്ന ഉടന്‍ ദിവസവും 500 റബര്‍ മരങ്ങള്‍ ടാപ്പ് ചെയ്യും. ടാപ്പിങിന് ശേഷം പശുവും കൃഷിയുമായി രാത്രിവരെ വിശ്രമില്ലാതെ ജോലി ഇതിനിടയില്‍ ഉച്ചയ്ക്ക് അരമണിക്കൂര്‍ ഉറക്കം.
സിപിഎം കരിന്തളം ബ്രാഞ്ചംഗം, ഫാര്‍മേഴ്‌സ് ക്ലബ് എക്‌സിക്യൂട്ടീവ് അംഗം, ഉദയ സംഘം ഖജാഞ്ചി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ കെ സുജിത. മക്കള്‍: ഐശ്വര്യ, അശ്വിന്‍.
Next Story

RELATED STORIES

Share it