രാജനെ ഓര്‍ക്കുന്നവര്‍ മഅ്ദനിയെ മറക്കുന്നു: രൂപേഷ്‌കുമാര്‍

ആലപ്പുഴ: അടിയന്തരാവസ്ഥ ദിനം ആചരിച്ചാലും ഇല്ലെങ്കിലും രാജനെ സ്ഥിരമായി ഓര്‍ക്കുന്ന കേരളീയ ജനത, അടിയന്തരാവസ്ഥയ്ക്കു സമാനമായ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഅ്ദനിയെ മറക്കുകയാണെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര പീഡനവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തില്‍ ഇന്ന് ജാതിയുടെയും മതത്തിന്റെയും ഭീകരമായ വിവേചനം നിലനില്‍ക്കുന്നുവെന്നും കണ്ണൂര്‍ എരമംഗലം ചിത്രലേഖ മുതല്‍ ഏറ്റവും ഒടുവില്‍ റാഗ് ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിക്കുവരെ സംഭവിച്ച ദുരന്തങ്ങള്‍ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീടകങ്ങളിലും സ്ത്രീകള്‍ നേരിടുന്ന വിവിധ തരം പീഡനങ്ങള്‍ സാധാരണ സംഗതി എന്നപോലെ തള്ളിക്കളയുകയും സ്ത്രീയെ ബലാല്‍സംഗം ചെയ്താല്‍ മാത്രം പീഡനമായി പരിഗണിക്കുകയും ചെയ്യു—ന്ന രീതിയില്‍ കേരളീയ സാമൂഹിക മനസ്സ് മാറിയിരിക്കുന്നെന്ന് പരിപാടിയില്‍ സംസാരിച്ച ഡോ. എസ് മായ അഭിപ്രായപ്പെട്ടു.
എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ വിളയോടി ശിവന്‍കുട്ടി, ദേശീയ സെക്രട്ടറി റെനി ഐലിന്‍, പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് സിറാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എം ഷാനവാസ് സംസാരിച്ചു. വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it