Cricket

രാജകീയം രാജസ്ഥാന്‍; പ്ലേ ഓഫ് സാധ്യത അസ്തമിച്ച് ബംഗളൂരു

രാജകീയം രാജസ്ഥാന്‍; പ്ലേ ഓഫ് സാധ്യത അസ്തമിച്ച് ബംഗളൂരു
X

ജയ്പൂര്‍: ഐപിഎല്ലിലെ ജീവന്‍മരണ പോരാട്ടത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലറും ബെന്‍ സ്‌റ്റോക്‌സും ഇല്ലാതെ ഇറങ്ങിയ രാജസ്ഥാന്‍ 30 റണ്‍സിനാണ് വിരാട് കോഹ്‌ലിയുടെ കരുത്തുറ്റ സംഘത്തെ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ബംഗളൂരു 19.2 ഓവറില്‍ 134 റണ്‍സിന് കൂടാരം കയറി. നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലിന്റെ ബൗളിങാണ് ബംഗളൂരുവിനെ തകര്‍ത്തത്. തോല്‍വിയോടെ ബംഗളൂരുവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു.
ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റ്‌ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപണിങില്‍ ജോഫ്ര ആര്‍ച്ചറെ പരീക്ഷിച്ച രാജസ്ഥാന് ( 4 പന്തില്‍ 0) പിഴച്ചു. അക്കൗണ്ട് തുറക്കും മുമ്പെ ആര്‍ച്ചര്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലൊത്തുകൂടിയ രാഹുല്‍ ത്രിപാതിയും ( 58 പന്തില്‍ 80*) അജിന്‍ക്യ രഹാനെയും ( 31 പന്തില്‍ 33) ചേര്‍ന്ന് രാജസ്ഥാന്‍ ഇന്നിങ്‌സിന് അടിത്തറ പാവുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ കൂട്ടുകെട്ടാണ് രണ്ടാം വിക്കറ്റില്‍ അടിച്ചെടുത്തത്. രഹാനെയെ എല്‍ബിയില്‍ കുടുക്കി ഉമേഷ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. സഞ്ജു സാംസണ്‍ (1 പന്തില്‍ 0) നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഉമേഷ് യാദവിന് മുന്നില്‍ കീഴടങ്ങിയെങ്കിലും ഹെന്റിച്ച് ക്ലാസന്റെ (21 പന്തില്‍ 32) ബാറ്റിങ് രാജസ്ഥാന് കരുത്താവുകയായിരുന്നു. കൃഷ്ണപ ഗൗതവും ( 5 പന്തില്‍ 14) അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ചു. ഓപണിങില്‍ ഇറങ്ങി പുറത്താവാതെ നിന്ന ത്രിപാതി അഞ്ച് ഫോറും മൂന്ന് സിക്‌സറുമാണ് അടിച്ചെടുത്തത്. ബംഗളൂരുവിന് വേണ്ടി ഉമേഷ് യാദവ് മൂന്ന് വിക്കറ്റുകള്‍ അക്കൗണ്ടിലാക്കിയപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റും സ്വന്തമാക്കി.
അവസാന മല്‍സരത്തില്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ബംഗളൂരുവിന് തൊട്ടതെല്ലാം പിഴച്ചു. നായകന്‍ വിരാട് കോഹ്‌ലിയെ (ഒമ്പത് പന്തില്‍ 4) ആദ്യം ഗാലറിയിലേക്ക് മടക്കിയാണ് രാജസ്ഥാന്‍ കരുത്തുകാട്ടിയത്. രണ്ടാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും ( 21 പന്തില്‍ 33) എ ബി ഡിവില്ലിയേഴ്‌സും ( 35 പന്തില്‍ 53) പൊരുതിനോക്കിയെങ്കിലും കൃത്യമായ ഇടവേളകളില്‍ ഇരുവരെയും മടക്കി രാജസ്ഥാന്‍ കളി കൈയടക്കുകയായിരുന്നു. ഏഴ് ബംഗളൂരു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ കൂടാരം കയറിയത്. രാജസ്ഥാന് വേണ്ടി ബെന്‍ ലൗഹ്‌ലിന്‍, ജയദേവ് ഉനദ്ഘട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി ഗൗതത്തിന് മികച്ച പിന്തുണ നല്‍കി. ജയത്തോടെ മുംബൈയെ മറികന്ന് രാജസ്ഥാന്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ തോല്‍വിയോടെ ബംഗളൂരു ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Next Story

RELATED STORIES

Share it