രാംദേവിന്റെ ഭക്ഷ്യപാര്‍ക്കിന് സിഐഎസ്എഫ് സുരക്ഷ

ന്യൂഡല്‍ഹി: വിവാദ യോഗഗുരു ബാബാ രാംദേവിന്റെ ഹരിദ്വാറിലെ ഭക്ഷ്യപാര്‍ക്കിന് കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യുടെ മുഴുവന്‍സമയ സംരക്ഷണം. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഓഫിസറുടെ നേതൃത്വത്തില്‍ 34 പേരടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മാര്‍ച്ച് 22 മുതലാണ് സംഘം 24 മണിക്കൂര്‍ നീളുന്ന സുരക്ഷാ ചുമതല ഏറ്റെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇന്‍ഫോസിസ് പോലുള്ള ഏതാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ ഇത്തരം സുരക്ഷയുള്ളത്. ഇത്രയും പേരടങ്ങുന്ന സുരക്ഷാസംഘത്തിന് ഒരു വര്‍ഷം 40 ലക്ഷം രൂപയോളം ചെലവാണു കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി പതഞ്ജലി ഫുഡ് പാര്‍ക്കിന് സുരക്ഷ ഒരുക്കിയിരുന്നു. ഭീഷണി ചൂണ്ടിക്കാട്ടിയാണ് പാര്‍ക്കിന് സ്ഥിരം സിഐഎസ്എഫ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ ഈ വര്‍ഷം ഉത്തരവിട്ടത്. വിപുലമായ വ്യവസായ ശൃംഖലയുടെ ഉടമ കൂടിയായ രാംദേവിന് നിലവില്‍ ഇസഡ് വിഭാഗം സുരക്ഷയുണ്ട്. 2008ലെ മുംബൈ ആക്രമണത്തിനു ശേഷമാണ് സ്വകാര്യ വ്യവസായ ശാലകള്‍ക്കും സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it