രഹസ്യ വോട്ടിനോട് എന്താണിത്ര പേടി?

ഇന്ദ്രപ്രസ്ഥം - നിരീക്ഷകന്‍
ഞങ്ങളുടെ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ജനാധിപത്യമാണെന്നാണ് വീരവിപ്ലവകക്ഷിയുടെ നേതാക്കള്‍ ആണയിടാറുള്ളത്. മുമ്മൂന്നു വര്‍ഷം കൂടുമ്പോള്‍ കോണ്‍ഗ്രസ് എന്ന പേരില്‍ മഹാസമ്മേളനം നടത്തി കടുകു കീറുന്ന ചര്‍ച്ചകള്‍ പതിവാണ്. കേന്ദ്രകമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഇടയ്്ക്കിടെ ചേര്‍ന്ന് രാവിലെ ചര്‍ച്ച തുടങ്ങിയാല്‍ വൈകീട്ട് അത്താഴത്തിനാണു പിരിയുന്നത്. ഇതൊന്നും സാധ്യമല്ലാത്ത കാലത്ത് ഇന്ദ്രപ്രസ്ഥത്തിലെ വീര്‍സിങ് മാര്‍ഗിലെ ആസ്ഥാനത്ത് അവയ്‌ലബിള്‍ പിബി എന്ന പേരില്‍ വേറൊരു ഇടപാടുമുണ്ട്. ഒരുതരം തട്ടുകട ചര്‍ച്ച. ആരാണോ സ്ഥലത്തുള്ളത് അവര്‍ക്ക് മൃഷ്ടാന്നമായി പങ്കെടുക്കാം. അഭിപ്രായം പറയാം. വാദിക്കാം. ജയിക്കാം.
അപ്പോള്‍ ആരാണു പറഞ്ഞത് ജനാധിപത്യമില്ലെന്ന്? ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ചര്‍ച്ചയും സംവാദവുമാണ്. വിപ്ലവ പാര്‍ട്ടിയില്‍ ആകെ നടക്കുന്ന സംഗതിയും ചര്‍ച്ചയും സംവാദവും തന്നെ. അതിനാല്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ ജനാധിപത്യമാണ് എന്നു തീര്‍ച്ച.
എന്നിട്ടും എന്തേ സഖാക്കള്‍ രഹസ്യവോട്ട് വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ നേതൃത്വത്തിലെ ചില സഖാക്കള്‍ അതുമാത്രം വേണ്ട എന്ന നിലപാടെടുത്തത്? കഴിഞ്ഞ ദിവസം ഹൈദരാബാദിലെ 22ാം കോണ്‍ഗ്രസ്സില്‍ അതാണു നടന്നത്. വിഷയം ലളിതം. രാഷ്ട്രീയ നയരേഖയില്‍ എഴുതിവച്ച ഒരു ലൈന്‍ മാറ്റണം. ബിജെപിയെ തോല്‍പിക്കണം; എന്നാല്‍ അതിനുവേണ്ടി കോണ്‍ഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്നാണ് കൃതിയില്‍ എഴുതിവച്ചിരുന്നത്.
പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി മുതല്‍ സാധാരണ അംഗങ്ങളും അനുഭാവികളും വരെ ഈ വരിയുടെ അര്‍ഥമോര്‍ത്ത് അദ്ഭുതപ്പെട്ടു. എങ്ങനെയാണ് കോണ്‍ഗ്രസ്സിനെ ഒഴിവാക്കി ബിജെപിയെ തോല്‍പിക്കുന്നത്? ഇന്നും ബിജെപിയുടെ മുഖ്യ എതിരാളി കോണ്‍ഗ്രസ്സാണ്. അപ്പോള്‍ ബിജെപിയെ തോല്‍പിക്കുകയാണ് ലക്ഷ്യമെങ്കില്‍ കോണ്‍ഗ്രസ്സുമായി തൊട്ടുകൂടായ്മ സാധ്യമല്ല. അതിനു സഖ്യമൊന്നും വേണ്ട. പക്ഷേ, ചില ധാരണകള്‍ വേണ്ടിവരും. വോട്ടുകള്‍ ഭിന്നിക്കുന്നത് ഒഴിവാക്കണം.
ഇത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തിലെ അടിസ്ഥാന പാഠമാണ്. പക്ഷേ, അതു തങ്ങള്‍ക്കു ബാധകമല്ലെന്നാണ് പാര്‍ട്ടിയിലെ ഔദ്യോഗികന്‍മാര്‍ പറഞ്ഞത്. തങ്ങള്‍ പിടിച്ച മുയലിനു മൂന്നു കൊമ്പാണ്. കോണ്‍ഗ്രസ് പരിസരത്തെങ്ങാനും ഉണ്ടെങ്കില്‍ അവരെ തൊടുന്നത് ഒഴിവാക്കാന്‍ വേറെ ആളെ നിര്‍ത്തണം. വോട്ട് ഭിന്നിപ്പിക്കണം. കര്‍ണാടകയില്‍ അതാണു പയറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഷ്ടിച്ച് 10,000 വോട്ട് പാര്‍ട്ടിക്കില്ല. എന്നിട്ടും 20 മണ്ഡലത്തില്‍ ആളെ നിര്‍ത്തി കെട്ടിവച്ച കാശ് കളയാനാണ് വിപ്ലവപാര്‍ട്ടിയുടെ പരിപാടി. കാരണം ഒന്നുമാത്രം. ഒറ്റ വോട്ടും കോണ്‍ഗ്രസ്സിനു കൊടുക്കരുത്.
സാധാരണ സഖാക്കള്‍ക്കും നാട്ടുകാര്‍ക്കും പിടികിട്ടാത്ത ലോജിക്കാണ് കാരാട്ട് സഖാവും കൂട്ടരും മുന്നോട്ടുവച്ചത്. മഹാ ബുദ്ധിരാക്ഷസനാണ് കാരാട്ട് സഖാവ് എന്നു തീര്‍ച്ച. പക്ഷേ, സൂപ്പര്‍ ബുദ്ധിരാക്ഷസനാണ് അപ്പുറത്തു നില്‍ക്കുന്ന യെച്ചൂരി അവര്‍കളും. സാക്ഷാല്‍ ആന്ധ്ര ബ്രാഹ്്മണന്‍. നിരവധി തലമുറ പൂജാകര്‍മങ്ങളുമായി കഴിഞ്ഞ ശുദ്ധബ്രാഹ്മണരുടെ പാരമ്പര്യം. അങ്ങേരുടെ അടുത്ത് പാലക്കാടന്‍ നായര്‍ തരികിടയൊന്നും വേവില്ല എന്നു തീര്‍ച്ച.
അതാണു സംഭവിച്ചതും. യെച്ചൂരി സഖാവിന്റെ പൂഴിക്കടകന്‍ അടിയാണ് രഹസ്യ വോട്ട് വേണമെന്ന ആവശ്യത്തിലൂടെ പുറത്തുവന്നത്. പാര്‍ട്ടിയില്‍ കേട്ടുകേള്‍വിയില്ലാത്ത സംഗതിയാണ്. പ്രമേയത്തില്‍ കൈപൊക്കി വോട്ടാണു പതിവ്. രാഷ്ട്രീയ നയങ്ങളുടെ കാര്യത്തില്‍ എന്തിന് രഹസ്യ വോട്ട് എന്നാണ് സഖാവ് കാരാട്ട് ചോദിച്ചത്.
അതിനു കാരണം സദസ്സില്‍ ഒന്നിച്ചിരിക്കുന്ന കേരള സഖാക്കളെ നോക്കിയാല്‍ അറിയാമെന്ന് ബംഗാള്‍ സഖാക്കളാണു ചൂണ്ടിക്കാട്ടിയത്. ഹെഡ്മാസ്റ്ററും എല്‍പി സ്‌കൂള്‍ പിള്ളാരും എന്ന മട്ടിലാണ് കേരള സഖാക്കള്‍ ഇരുന്നത്. ആകെ അല്‍പം ഇടത്തടിച്ചുനിന്നത് രണ്ടുപേരാണ്. ഒന്ന് സഖാവ് അച്യുതാനന്ദന്‍. കാര്‍ന്നോര് പണ്ടേ തലതെറിച്ച കൂട്ടത്തിലാണ്. കക്ഷിയെ കുറേ വര്‍ഷങ്ങളായി കൈകാര്യം ചെയ്ത് ഒതുക്കിയിരിക്കുകയാണ്. രണ്ടാമത്തെയാള്‍ ധനമന്ത്രി തോമസ് ഐസക്. ടിയാന്റെ കാര്യം പോക്കാണ് എന്നു പാര്‍ട്ടിയിലും പുറത്തും എല്ലാവര്‍ക്കുമറിയാം. ഒറ്റയാനായാണു നടപ്പ്. ഹൈദരാബാദിലും അപ്രകാരം തന്നെ.
രഹസ്യ വോട്ട് വന്നാല്‍ ഈ ഐക്യം പൊളിയുമെന്ന് എല്ലാവര്‍ക്കുമറിയാം. രഹസ്യ വോട്ട് നിരീക്ഷിക്കാന്‍ കേരള നേതൃത്വത്തിനു സംവിധാനമില്ല. അങ്ങനെ വന്നാല്‍ സഖാക്കള്‍ പലരും വോട്ട് മാറ്റിചെയ്യും. അതോടെയാണ് പിബിയിലെ കരുത്തന്‍മാര്‍ വഴങ്ങിയത്. പിബിയും സിസിയും ഒരുവഴിക്കും പാര്‍ട്ടിയിലെ അണികള്‍ വേറെ വഴിക്കും എന്ന സത്യമാണ് ഹൈദരാബാദ് നാടകത്തിന്റെ അന്ത്യത്തില്‍ വെളിപ്പെടുന്നത്. വോട്ടെടുപ്പില്‍ തോറ്റ് ചമ്മല്‍ ഒഴിവാക്കാന്‍ കഴിഞ്ഞതു മാത്രമാണ് കാരാട്ടിനു നേട്ടം.                 ി
Next Story

RELATED STORIES

Share it