Flash News

രഹസ്യ വിഭാഗം വിവരാവകാശ പരിധിയിലെന്ന് ഡിജിപി



തിരുവനന്തപുരം: പോലിസിലെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുമെന്ന് ഡിജിപി ടി പി സെന്‍കുമാര്‍. ഇക്കാര്യത്തില്‍ 2009ലെ ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നു വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി ബ്രാഞ്ചിനെ വിവരാവകാശപരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഡിജിപിയുടെ നടപടി. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്. ഉദ്യോഗസ്ഥരുടെ അഴിമതി, ഭരണനിര്‍വഹണ കാര്യങ്ങള്‍, മനുഷ്യാവകാശ ലംഘനം എന്നിവ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാണ് പുതിയ നിര്‍ദേശം. അതേസമയം, ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പുറത്തുനല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അതൃപ്തിയുണ്ട്. ഡിജിപിയുടെ നിര്‍ദേശം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിയമവിരുദ്ധമാണെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ആരോപണം. ടി പി സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേറ്റ ശേഷം ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീനാകുമാരിയെ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. സര്‍ക്കാരും സെന്‍കുമാറും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചു. രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്നു സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്നും ഡിജിപിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം. ഇക്കാര്യം ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ പരാതിയായി ഉന്നയിച്ചേക്കും. എന്നാല്‍, 2009ലെ ഡിജിപി ജേക്കബ് പുന്നൂസ് പുറത്തിറക്കിയ ഉത്തരവ് വീണ്ടും ഓര്‍മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് സെന്‍കുമാറിന്റെ വാദം. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതുമായി ബന്ധപ്പെട്ട കേസിനായി പുറ്റിങ്ങല്‍, ജിഷ വധക്കേസുകളുടെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ടി ബ്രാഞ്ചില്‍ നിന്നു നല്‍കിയിരുന്നില്ല. ഇതു വലിയ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it