രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് ;അസം, ബംഗാള്‍സ്വദേശികള്‍ക്കെതിരേ ആക്രമണ സാധ്യത

കെപിഒ റഹ്മത്തുല്ല

തൃശൂര്‍: ജിഷ വധക്കേസില്‍ ആസം സ്വദേശി പിടിയിലായതോടെ സംസ്ഥാനത്തെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരേ വ്യാപകമായ അക്രമമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ മുന്നറിയിപ്പ്. കൂട്ടംകൂട്ടമായി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങള്‍ക്ക് സംരക്ഷണമേര്‍പ്പെടുത്തണമെന്നും കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മേഖലയില്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. ആസം, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെയാണ് അക്രമമുണ്ടാവാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍തന്നെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ആഭ്യന്തരവിഭാഗം വളരെ ഗൗരവത്തിലാണ് എടുത്തിട്ടുള്ളത്. ചില സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും മുതലെടുപ്പിനുവേണ്ടി അന്യസംസ്ഥാന തൊഴിലാളികളെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്. ജിഷ വധക്കേസില്‍ തുടക്കത്തില്‍ മൗനം പാലിച്ചിരുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കെതിരേ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. ഈ കുറ്റപ്പെടുത്തലിനെ മറികടക്കാന്‍ അവര്‍ തന്ത്രങ്ങള്‍ മെനയുന്നതിനിടെയാണ് പ്രതി പിടിയിലായിരിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. സംസ്ഥാനത്തെ അന്യസംസ്ഥാന തൊഴിലാളികളായ അസമികളെക്കുറിച്ച് വിശദമായ കണക്കെടുപ്പ് നടത്താനും രഹസ്യാന്വേഷണവിഭാഗം നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോലിസ് സ്‌റ്റേഷന്‍ അടിസ്ഥാനത്തിലായിരിക്കും കണക്കെടുപ്പ്. ജിഷ വധക്കേസില്‍ അസംകാരന്‍ പിടിയിലായതോടെ അസം സ്വദേശികളെ കൂട്ടത്തോടെ ജോലിക്ക് കൊണ്ടുവന്ന കരാറുകാരും ആശങ്കയിലാണ്.
Next Story

RELATED STORIES

Share it