kozhikode local

രമേശ് ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി പാതിവഴിയില്‍ നിര്‍ത്തി

മുക്കം: മൈക്ക് അനുമതിയില്ലാത്തതിനാല്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കേണ്ടിയിരുന്ന പരിപാടി പാതിവഴിയില്‍ നിര്‍ത്തി.
ആഭ്യന്തര മന്ത്രി എത്താന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കേയാണ് പരിപാടി തടയപ്പെട്ടത്. ഇന്നലെ മുക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടക്കേണ്ടിയിരുന്ന പരിപാടിയാണ് ഇതോടെ അലങ്കോലമായത്. നരിക്കുനിയിലെ പരിപാടി കഴിഞ്ഞ് ചെന്നിത്തല മുക്കത്തിന് അഞ്ച് കിലോമീറ്റര്‍ അകലെ ഓമശേരിയിലെത്തി തിരിച്ച് പോവുകയായിരുന്നു. മൈക്ക് അനുമതിയില്ലാത്തതിന് പുറമെ പൊതു സ്ഥലത്തായിരുന്നു പരിപാടിക്കായി സംഘാടകര്‍ സൗകര്യമൊരുക്കിയിരുന്നത്.
അനുമതിയില്ലാതെ പരിപാടി നടത്താനാവില്ലെന്ന് പോലിസ് സംഘാടകരെ അറിയിച്ചു. ഈ വിവരങ്ങള്‍ നേരത്തെ തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ചും ഉന്നത പോലീസ് ഉദ്യോഗസ്ഥരും മന്ത്രിയെയും അറിയിച്ചതായാണ് വിവരം. ഇതോടെയാണ് ആഭ്യന്തര മന്ത്രി പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് പറഞ്ഞ് തിരിച്ചു പോയത്.
അനുമതിയില്ലാതെ പൊതുസ്ഥലത്ത് നടന്ന പരിപാടിയില്‍ മന്ത്രിയെത്തുന്നതിന് മുമ്പ് ജനപ്രതിനിധകള്‍ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുക്കുകയും പ്രസംഗമാരംഭിക്കുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തിട്ടില്ല. എന്നാല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ വന്ന തകരാറാണ് അനുമതി ലഭിക്കാത്തതിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.
Next Story

RELATED STORIES

Share it