രമേശ് ചെന്നിത്തല ഇന്ന് രാഹുലുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്ത് നിലപാട് തുടര്‍ന്ന് സ്വീകരിക്കണമെന്നതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. നിലയ്ക്കലില്‍ സംഘര്‍ഷം കനത്ത സാഹചര്യത്തില്‍ കോ ണ്‍ഗ്രസ്സിന്റെ ഇടപെടല്‍ ഏതു തരത്തിലാവണമെന്നതാവും പ്രധാന ചര്‍ച്ച. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ടെങ്കിലും സമരവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സില്‍ ആശയക്കുഴപ്പം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ ഡല്‍ഹിയിലെത്തിയത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ചപറ്റിയെന്നു ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു. വിഷയം സമാധാനപരമായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനു സാധിച്ചില്ല. സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചപറ്റിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വലിയ പരാജയമാണ്. ശബരിമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് സിപിഎമ്മും ആര്‍എസ്എസും നടത്തുന്നത്. ഇത് അനുവദിക്കാനാവില്ല. വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സുപ്രിംകോടതിയുടെ ചരിത്രവിധി വന്നതിനു ശേഷം എതിര്‍പ്പുമായി ആദ്യം രംഗത്തുവന്നത് കോണ്‍ഗ്രസ്സായിരുന്നെങ്കിലും പിന്നീട് വിഷയം ബിജെപി ഹൈജാക്ക് ചെയ്തുവെന്ന പരാതി കോണ്‍ഗ്രസ്സിലുണ്ട്. വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യമായി രംഗത്തിറങ്ങുന്നതിനെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസ് നേതൃത്വം രണ്ടു തട്ടിലുമായി.
കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ചെന്നിത്തല രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്. ഈ സാഹചര്യത്തില്‍ ശബരിമല വിഷയത്തിനൊപ്പം സംസ്ഥാനത്തെ മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും ഒപ്പം സംഘടനാ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാവുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.

Next Story

RELATED STORIES

Share it