ernakulam local

രണ്ട് മാസത്തിനകം ജോലികള്‍ ആരംഭിക്കും: മന്ത്രി ജി സുധാകരന്‍

കളമശേരി: എച്ച്എംടി കവല വികസനപ്രവര്‍ത്തനം ഉടനെ ആരംഭിക്കുമെന്നും അതിന് പണം പ്രശ്‌നമല്ലെന്നും പൊതുമരാമത്ത് വകുപ്പു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. എച്ച്എംടി ജങ്ഷന്‍ വികസനത്തിന് പുതിയ എസ്റ്റിമേറ്റ് ഉടന്‍ തയ്യാറാക്കുമെന്നും രണ്ട് മാസത്തിനകം ജോലികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജങ്ഷന്‍ വികസനത്തിന് പണം പ്രശ്‌നമല്ലെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. കളമശേരി പത്തടിപാലം പിഡബ്ല്യുഡി റസ്റ്റ്ഹൗസില്‍ നടന്ന അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍  സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ വികസന പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും എച്ച്എംടി ജങ്ഷന്‍ വികസനം എങ്ങനെ സാധ്യമാക്കാം എന്ന ആലോചനയുമായിരുന്നു  യോഗത്തിന്റെ പ്രധാന അജണ്ട. എച്ച്എംടി കവലയിലെ അനധികൃത കടകള്‍ പൊളിച്ചു മാറ്റുമെന്നും നഗരസഭ തലത്തില്‍ പുനരധിവാസത്തിനുള്ള സ്ഥലം കണ്ടെത്തണമെന്നും തീരുമാനിച്ചു.രണ്ടു മാസത്തിനകം പുനരധിവാസത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് മുനിസിപ്പല്‍ സെക്രട്ടറി, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനിയറെയും  ചുമതലപ്പെടുത്തി. കടകള്‍ പൊളിച്ചുമാറ്റുന്നതിന് അനുകൂലമായ കോടതി വിധി നിലവിലുണ്ട്. എന്നാല്‍ പതിറ്റാണ്ടുകളായി കടകള്‍ നടത്തുന്നവര്‍ എന്ന പരിഗണനയിലാണ് പുനരധിവാസ പ്രവര്‍ത്തനം നടത്തുന്നത്. എച്ച്എംടി കവലയിലെ വാഹനത്തിരക്ക് കുറയ്ക്കുന്നതിന് റെയില്‍വെ മേല്‍പ്പാലം നാലുവരിപ്പാതയാക്കി വികസിപ്പിക്കും. ഇതിനായി 21 മീറ്റര്‍ നീളവും 7 മീറ്റര്‍ വീതിയുമുള്ള ഒരു പാലം കൂടി റെയില്‍വെയുടെ അനുവാദം വാങ്ങി നിര്‍മിക്കും. അതു വഴി നിലവിലുള്ള റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കാന്‍ കഴിയും. നടപ്പാതകളില്‍ ഓടുപാകിയും ജങ്ഷനില്‍ സര്‍ക്കിളുണ്ടാക്കിയും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനൊന്നും പണം ഒരു പ്രശ്‌നമായിരിക്കില്ലെന്നും മന്ത്രി പറഞ്ഞു.തുടര്‍ന്ന് മന്ത്രി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, എച്ച്എംടി ജങ്ഷന്‍ വികസന സമിതി ഭാരവാഹികള്‍ ഉദ്യോഗസ്ഥര്‍ എന്നിവരോടൊത്ത് എച്ച്എംടി കവല സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it