Azhchavattam

രണ്ട് പ്രവാചകന്‍മാര്‍







ദൈവത്തിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ദൈവത്തിന്റെ ഇച്ഛയും ഇംഗിതവും ഭൂമിയില്‍ നടപ്പാക്കുക എന്ന ദൗത്യമാണ് മനുഷ്യന് നിര്‍വഹിക്കാനുള്ളത്. സ്തുതികീര്‍ത്തനങ്ങളിലും പ്രാര്‍ഥനകളിലും ആചാരാനുഷ്ഠാനങ്ങളിലും പരിമിതമാവുന്ന ഒന്നല്ല ഈ ബാധ്യത. അതുകൊണ്ടാണ് ദൈവനാമത്തെ വിശുദ്ധിപ്പെടുത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന മാലാഖമാര്‍ ഉള്ളതോടൊപ്പംതന്നെ മനുഷ്യരും സൃഷ്ടിക്കപ്പെട്ടത്.

മനുഷ്യരെ സൃഷ്ടിക്കാന്‍ ദൈവം നിശ്ചയിച്ചപ്പോള്‍ നിന്നെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഞങ്ങളുള്ളപ്പോള്‍ എന്തിന് മനുഷ്യവര്‍ഗത്തെ പടക്കണം എന്ന് മാലാഖമാര്‍ ചോദിക്കുകയുണ്ടായി. ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും മനുഷ്യന്റെ സവിശേഷമായ കഴിവുകള്‍ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തപ്പോള്‍ മാലാഖമാര്‍ തങ്ങളുടെ വാദം പിന്‍വലിച്ചു.

ദൈവത്തിന്റെ സഹായികള്‍, ദൈവത്തിന്റെ കക്ഷി, ദൈവത്തിന്റെ ആത്മമിത്രങ്ങള്‍ എന്നിങ്ങനെ മനുഷ്യരെ ദൈവം വിശേഷിപ്പിക്കുകയുണ്ടായിട്ടുണ്ട്. ദൈവം രാത്രി സൃഷ്ടിച്ചു, മനുഷ്യന്‍ വിളക്കും. ദൈവം മണ്ണ് സൃഷ്ടിച്ചു, മനുഷ്യന്‍ മണ്ണുകൊണ്ട് ചഷകങ്ങള്‍ നിര്‍മിച്ചു. ദൈവം മലകളും മരുഭൂമികളും സൃഷ്ടിച്ചു, മനുഷ്യന്‍ അവയെ പൂന്തോപ്പുകളാക്കി. ദൈവത്തിന്റെ പ്രതിനിധി എന്ന നിലയ്ക്കുള്ള മനുഷ്യന്റെ വലുപ്പവും മഹത്ത്വവുമാണ് മുഹമ്മദ് ഇഖ്ബാല്‍ ഈ വരികളിലൂടെ വെളിപ്പെടുത്തുന്നത്.
അറിവുകള്‍ രണ്ട് രീതികളിലായാണ് മനുഷ്യ ന് കരഗതമാവുന്നത്. ദൈവത്തില്‍നിന്നും വെളി പാടിലൂടെ പ്രവാചകന്മാര്‍ മുഖേന ലഭിക്കുന്ന അറിവുകളാണ് ഒന്ന്. ഗവേഷണത്തിലൂടെയും അന്വേഷണത്തിലൂടെയും മനനത്തിലൂടെയും സ്വപ്രയത്‌നംകൊണ്ട് നേടുന്നവയാണ് മറ്റൊന്ന്. ദൈവവും അവന്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയും തമ്മിലുള്ള ആശയവിനിമയമാണ് വെളിപാട്. ഭൗതികമായ മാധ്യമങ്ങളല്ല മാലാഖയാണ് വെളിപാടിന്റെ വാഹകന്‍. വെളിപാടിലൂടെ മനുഷ്യമനസ്സില്‍ ഒരു ചിന്തയോ വികാരമോ ഉണര്‍ത്തപ്പെടുകയും പ്രചോദിപ്പിക്കപ്പെടുകയും ചെയ്യുന്നു. പ്രപഞ്ചം, മനുഷ്യന്റെ ഭാഗധേയം, നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയുടെ മാനദണ്ഡങ്ങള്‍ തുടങ്ങി മനുഷ്യന്‍ അനിവാര്യമായും അറിയേണ്ട നിര്‍ണായകമായ അറിവുകള്‍ കരഗതമാക്കുവാന്‍ മനുഷ്യബുദ്ധിക്കും മനുഷ്യഭാവനയ്ക്കുമാവില്ല.

ഇത്തരം രംഗങ്ങളില്‍ മനുഷ്യന്ന് വെളിച്ചം പകരാനും വഴികാട്ടാനും ചില സഹായികളെ ആവശ്യമുണ്ട്. അത്തരം സഹായികളാണ് പ്രവാചകന്മാര്‍.
മാര്‍ഗദര്‍ശനത്തിനായി അവരെ പിന്‍പറ്റുവാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനാണ്. അവരുടെ വഴികളിലൂടെ സഞ്ചരിച്ചുകൊണ്ട് മാത്രമെ ദൈവത്തിലേക്കെത്താന്‍ മനുഷ്യന് കഴിയൂ. ദൈവത്തെക്കുറിച്ച് പറഞ്ഞുതന്നതും അവന്റെ വചനങ്ങളോതിത്തന്നതും പ്രവാചകന്മാരാണ്. ഈ ദൈവദൂതന്മാര്‍ മതത്തെ സംഭവലോകത്തേക്ക് പറിച്ചുനട്ടു. ദൈവികസന്ദേശത്തിന്റെ അടിത്തറയില്‍ സംസ്‌കാരങ്ങള്‍ പടുത്തുയര്‍ത്തിയത് അവരാണ്.
പ്രവാചകന്മാരായ ഈസയുടെയും മുഹമ്മദിന്റെയും ഓര്‍മകള്‍ പുതുക്കുവാനുള്ള അവസരങ്ങള്‍ ഒരുക്കി ഈ വര്‍ഷം ഡിസംബറിനൊപ്പം റബീഉല്‍അവ്വലും എത്തിച്ചേര്‍ന്നിരിക്കുന്നു. ഈസയും മുഹമ്മദും നേരിനെ നിവര്‍ത്താന്‍ നിയോഗിതരായ ദൈവത്തിന്റെ സന്ദേശവാഹകരാണ്. എനിക്ക് ശേഷം പ്രവാചകനായി വരുന്ന മുഹമ്മദിനെ പിന്‍പറ്റണം എന്നുപദേശിച്ചാണ് ഈസ രംഗംവിട്ടത്. ഈസ കൊണ്ടുവന്ന സത്യത്തെ സ്ഥാപിക്കാനായി വന്ന ദൈവദൂതനാണ് താന്‍ എന്നു പറഞ്ഞാണ് മുഹമ്മദ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്. യേശുവും മുഹമ്മദും പ്രവാചക പരമ്പരയിലെ കണ്ണികളായിരുന്നു.
പക്ഷേ, കാലാന്തരത്തില്‍ ഈസയുടെയും മുഹമ്മദിന്റെയും അനുയായികള്‍ പ്രത്യേകം പ്രത്യേകം വിഭാഗങ്ങളായി വേര്‍തിരിഞ്ഞു. എന്നു മാത്രമല്ല, അവര്‍ക്കിടയിലെ ഭിന്നിപ്പുകള്‍ നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന യുദ്ധങ്ങള്‍ക്ക് കാരണമായി വര്‍ത്തിച്ചു. അവര്‍ക്കിടയിലെ ശത്രുത, ലോകസമാധാനത്തിനുതന്നെ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നു. മതത്തിന്റെയും ദൈവവിശ്വാസത്തിന്റെയും ഫലമായി ഉണ്ടാവേണ്ടുന്ന അനുഗ്രഹങ്ങള്‍ ഇല്ലാതായിത്തീര്‍ന്ന സാഹചര്യമാണ് ഇന്നുള്ളത്. പൊതുവായ ആദര്‍ശ പാരമ്പര്യവും ചരിത്രവും പങ്കിടുന്ന യേശുവിന്റെയും മുഹമ്മദിന്റെയും അനുയായികള്‍ ഒരു പുനപ്പരിശോധനയ്ക്ക് തയ്യാറാവേണ്ടതുണ്ട്. നന്മയില്‍ സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ സന്നദ്ധമാവണം. മനുഷ്യലോകത്തിന്റെ പ്രതിസന്ധികള്‍ അവസാനിപ്പിക്കാന്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകമാവും.

Next Story

RELATED STORIES

Share it