രണ്ട് ഉംറ തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണു മരിച്ചു

നെടുമ്പാശ്ശേരി: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ രണ്ട് പാലക്കാട് സ്വദേശികള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കുഴല്‍മന്ദം കോട്ടായി റസിയ മന്‍സിലില്‍ മുഹമ്മദ് ഇസ്മയീല്‍ മകന്‍ അബ്ദുല്‍ ജബ്ബാര്‍(64), മണ്ണാര്‍ക്കാട് പാറക്കല്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ സക്കീന(38) എന്നിവരാണു മരിച്ചത്. അബ്ദുല്‍ ജബ്ബാര്‍ തിങ്കളാഴ്ച്ച രാത്രി ഏഴിനും സക്കീന ഇന്നലെ പുലര്‍ച്ചെ 4.45നുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. സൗദി എയര്‍ലൈന്‍സിന്റെ വിമാനം ഇറങ്ങി പരിശോധനകള്‍ക്കു ശേഷം വിമാനത്താവളത്തിനു പുറത്തേക്കിറങ്ങിയപ്പോള്‍ അബ്ദുല്‍ ജബ്ബാറിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ മറ്റ് തീര്‍ത്ഥാടകര്‍ വിമാനത്താവളത്തിലെ അമൃത ക്ലിനിക്കിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കിയശേഷം അങ്കമാലി എല്‍എഫ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ മാസം നാലിനാണ് സ്വകാര്യ ഏജന്‍സി മുഖേന അബ്ദുല്‍ ജബ്ബാര്‍ ഉംറക്ക് യാത്ര തിരിച്ചത്. കോട്ടായിയില്‍ പലചരക്കു വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു.സക്കീന തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ വിമാനം ഇന്നു പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയിലെത്തിയത്. വിമാനത്തില്‍ വച്ച് സക്കീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ഇവരെ അമൃത ക്ലിനിക്കില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സക്കീനയുടെ മാതാവ് ഫാത്തിമയും തീര്‍ത്ഥാടക സംഘത്തില്‍ ഉണ്ടായിരുന്നു. ഈ മാസം നാലിനാണ് സക്കീനയും ഉംറ തീര്‍ത്ഥാടനത്തിനായി യാത്ര തിരിച്ചത്. അബ്ദുല്‍ ജബ്ബാറിന്റെ മൃതദേഹം കോട്ടായി കിഴത്തൂര്‍ ജുമാമസ്ജിദില്‍ കബറടക്കി. ഭാര്യ: ഐഷ. മക്കള്‍: നാസര്‍, സുധീര്‍, മുജീബ്, റസിയ. മരുമക്കള്‍: അനീഷ നാസര്‍, അനീഷ സുധീര്‍, തസ്ലി, സിദ്ദിഖ്. സക്കീനയുടെ മക്കള്‍: മന്‍സൂര്‍, സഫ്‌ന, ഷാലിമ. മരുമക്കള്‍: മനാഫ്, സക്കീര്‍.
Next Story

RELATED STORIES

Share it