രണ്ടു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

കണ്ണൂര്‍/മട്ടന്നൂര്‍: യൂത്ത് കോ ണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി പി സി ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍. മട്ടന്നൂരിനു സമീപം തില്ലങ്കേരി വഞ്ഞേരിയിലെ എം വി ആകാശ്(24), കരുവള്ളിയിലെ രജിന്‍രാജ്(26) എന്നിവരെയാണ് മട്ടന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം പിടിയിലായ ഇവരെ ഞായറാഴ്ച രാത്രി 1.30ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജില്ലാ പോലിസ് ആസ്ഥാനത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.
ഇതിനു ശേഷം ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍  വൈദ്യപരിശോധന നടത്തിയ ശേഷം മട്ടന്നൂരിലേക്കു കൊണ്ടുപോയി. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുക്കുമെന്ന അഭ്യൂഹത്തെ തുടര്‍ന്ന് വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിനാല്‍ രാത്രി പത്ത്‌വരെ സ്റ്റേഷനില്‍ തന്നെ പാര്‍പ്പിച്ച ശേഷം മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ് റിമാന്‍ഡ് ചെയ്തത്.
തില്ലങ്കേരി സ്വദേശികളായ ഇരുവരും ഒന്നരവര്‍ഷം മുമ്പ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്. കൊലയാളി സംഘത്തില്‍ ആകെ അഞ്ചുപേര്‍ ഉണ്ടായിരുന്നതായാണു സൂചന. നേരത്തേ ദൃക്‌സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേയാണ് മാലൂര്‍ പോലിസ് കേസെടുത്തിരുന്നത്. അതിനിടെ, കൊലയാളികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂര്‍ കലക്്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങി. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിയവര്‍ സുധാകരന്റെ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it