kannur local

രണ്ടു വര്‍ഷത്തിനിടെ 31 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു: മുഖ്യമന്ത്രി

മാടായി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 31 കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ച് 15 ലക്ഷം പേര്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സാധിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ജല അതോറി ജപ്പാന്‍ ഇന്റനാഷനല്‍ കോ-ഓപറേറ്റീവ് ഏജന്‍സി(ജിക) സഹായത്തോടെ നടപ്പാക്കുന്ന പട്ടുവം കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും മാടായി കുടിവെള്ള പദ്ധതി സമര്‍പ്പണവും മാടായി ഗവ. ഐടിഐ പരിസരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ ആറ് കോര്‍പറേഷനുകളിലും 79 മുനിസിപ്പാലിറ്റികളിലും 712 പഞ്ചായത്തുകളിലും ശുദ്ധീകരിച്ച ജലവിതരണം സാധ്യമാവും. നിര്‍മാണത്തിലുള്ള 25 പദ്ധതികള്‍ കൂടി പൂര്‍ത്തിയാവുമ്പോള്‍ 200 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം അധികമായി ലഭ്യമാവും. ശുദ്ധീകരണ ശാലകളില്ലാത്ത പ്രദേശങ്ങളില്‍ ചെറുകിട പദ്ധതികള്‍ വഴി ക്ലോറിനേഷന്‍ നടത്തിയാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ഈ പ്രദേശങ്ങളിലേക്ക് മുന്‍ഗണനാടിസ്ഥഥാനത്തില്‍ സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ നടപ്പാക്കും.
ചെറുതും വലുതുമായ ആയിരത്തി ഒരുനൂറോളം ശുദ്ധജല വിതരണ പദ്ധതികള്‍ മുഖേനയാണ് സംസ്ഥാനത്തെ പകുതിയിലധികം ജനങ്ങള്‍ക്ക് സര്‍ക്കാര്‍ കുടിവെള്ളമെത്തിക്കുന്നത്. പ്രതിദിനം ഒരാള്‍ക്ക് ഗ്രാമപ്രദേശങ്ങളില്‍ 100 ലിറ്ററും നഗരപ്രദേശങ്ങളില്‍ 150 ലിറ്ററും കുടിവെള്ളം നല്‍കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം.
പട്ടുവം കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യംവക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംപിമാരായ പി കരുണാകരന്‍, പി കെ ശ്രീമതി, കെ കെ രാഗേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, മുന്‍ എംഎല്‍എ പി ജയരാജന്‍, ജല അതോറിറ്റി അംഗം ടി വി ബാലന്‍, മാനേജിങ് ഡയറക്ടര്‍ ഡോ. എ കൗശിഗന്‍, സാങ്കേതികാംഗം ടി രവീന്ദ്രന്‍, ചീഫ് എന്‍ജിനീയര്‍ ബാബു തോമസ്, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.
കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട് എന്നീ നിയമസഭാ മണ്ഡലങ്ങളിലെ 11 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങളുടെ കുടിവെള്ളക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പട്ടുവം കുടിവെള്ള പദ്ധതിയുടെ മുഴുവന്‍ പ്രയോജനവും ലഭിക്കുന്നതിന് വേണ്ടി വിതരണശൃംഖല വ്യാപിപ്പിക്കുന്ന 52.5 കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടാംഘട്ടത്തിലുള്‍പ്പെടുത്തി നടപ്പാക്കുന്നത്. തളിപ്പറമ്പ് മണ്ഡലത്തിലെ കുറുമാത്തൂര്‍, പരിയാരം, ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തുകള്‍ക്കും തളിപ്പറമ്പ്, ആന്തൂര്‍ നഗരസഭകള്‍ക്കും അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലുമാണ് രണ്ടാംഘട്ടത്തില്‍ 490 കിലോ മീറ്റര്‍ നീളത്തില്‍ ജലവിതരണ ശൃംഖലകള്‍ സ്ഥാപിക്കുന്നത്. ഈ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മൊത്തം വിതരണ ശൃംഖലയുടെ വ്യാപ്തി 1260 കിലോ മീറ്റര്‍ ആവുകയും 2,12,000 പേര്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കുകയും ചെയ്യും. പഴശ്ശി ജലസംഭരണിയാണ് പട്ടുവം പദ്ധതിയുടെ ജലസ്രോതസ്സ്.
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി(എന്‍ആര്‍ഡിഡബ്ല്യുപി)യില്‍ ഉള്‍പ്പെടുത്തി മാടായി ഗ്രാമപഞ്ചായത്തിലെ 36,000ഓളം ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മാടായി കുടിവെള്ള പദ്ധതി. ജിക പട്ടുവം പദ്ധതിയാണ് ഇതിന്റെ സ്രോതസ്സ്. ദ്ധതിയുടെ ഭാഗമായി മാടായിപ്പാറയില്‍ നാലര ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജലസംഭരണിയും 5000 മീറ്റര്‍ വിതരണ ശംഖലയും 20 പൊതുടാപ്പുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാടായി പഞ്ചായത്തില്‍ ആകെ നിലവിലുള്ള 61 കിലോ മീറ്റര്‍ വിതരണ ശൃംഖലയിലെ 1516 വാട്ടര്‍ കണക്ഷനുകളിലും 204 പൊതു ടാപ്പുകളിലും ഈ പദ്ധതി വഴിയാണ് ജലവിതരണം നടത്തുന്നത്.
Next Story

RELATED STORIES

Share it