Kottayam Local

രണ്ടു രൂപ ഫീസ് മാത്രമേ ഓരോ പേപ്പറിനും ഈടാക്കാവൂവെന്ന് ഹൈക്കോടതി

കൊച്ചി: ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെടുന്നവരില്‍ നിന്ന് വിവരാവകാശ നിയമ പ്രകാരമുള്ള രണ്ടു രൂപ ഫീസ് മാത്രമേ ഓരോ പേപ്പറിനും ഈടാക്കാവൂവെന്ന് ഹൈക്കോടതി. സര്‍വകലാശാല ചട്ട പ്രകാരം പ്രത്യേക ഫീസ് നിരക്ക് നിലവിലുണ്ടെങ്കിലും വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ആ നിയമ പ്രകാരമുള്ള തുക മാത്രമേ ബാധകമാവൂവെന്ന് വിലയിരുത്തിയാണ് ഉത്തരവ്. തിരുവനന്തപുരം ഗവ. ലോ കോളജ് വിദ്യാര്‍ഥിയായ കെ ജി പ്രമോദ് കുമാറിന് അനുകൂലമായ സിംഗിള്‍ബെഞ്ച് ഉത്തരവിനെതിരേ കേരള സര്‍വകലാശാല സമര്‍പ്പിച്ച അപ്പീല്‍ ഹരജി തള്ളിയാണു ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. തന്റെ പരീക്ഷാ ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് സര്‍വകലാശാല വിവരാവകാശ കമ്മീഷണര്‍ക്കു നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഒരു വിഷയത്തിന് 500 രൂപ വീതം കെട്ടിയാല്‍ നല്‍കാമെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെതിരേ സംസ്ഥാന വിവവാവകാശ കമ്മീഷന് അപ്പീല്‍ നല്‍കി. വിവരാവകാശ നിയമ പ്രകാരമുള്ള ഫീസ് മാത്രം വാങ്ങി ഉത്തരക്കടലാസുകള്‍ നല്‍കണമെന്നു മുഖ്യ വിവരാവകാശ കമീഷണര്‍ ഉത്തരവിട്ടു. ഇതിനെതിരേ കേരള സര്‍വകലാശാല നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. കേരള പിഎസ്‌സി കേസില്‍ ഹൈക്കോടതിയും പിന്നീട് സുപ്രിം കോടതിയും പുറപ്പെടുവിച്ച ഉത്തരവ് ഉദ്ധരിച്ചായിരുന്നു ഹരജി തള്ളിയത്. വിവരാവകാശ നിയമ പ്രകാരം ഒരു രേഖയുടെ ഒരു പേജിന് ആവശ്യപ്പെടാവുന്ന നിരക്ക് മാത്രമേ ഈടാക്കാവൂവെന്നായിരുന്നു സിംഗിള്‍ബെഞ്ച് ഉത്തരവ്. ഇതിനെതിരായാണ് സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ ഹരജി നല്‍കിയത്. ഉത്തരക്കടലാസിന്റെ പകര്‍പ്പ് അനുവദിക്കുന്നതും ഇതിനായി ഫീസ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍വകലാശാലയ്ക്കു പ്രത്യേക ചട്ടമുണ്ടെന്നും ഇതിന്റെ അടിസഥാനത്തില്‍ മാത്രമേ അനുവദിക്കാനാവൂവെന്നുമായിരുന്നു സര്‍വകാലാശാലയുടെ വാദം.ഇക്കാര്യം പരിഗണിക്കാതെയാണു സിംഗിള്‍ബെഞ്ച് ഉത്തരവെന്നും വ്യക്തമാക്കി. എന്നാല്‍, സര്‍വകലാശാലക്ക് പ്രത്യേക ചട്ടമുണ്ടെങ്കിലും അപേക്ഷ നല്‍കിയിട്ടുള്ളത് വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായതിനാല്‍ വിവരാവകാശ നിയമ പ്രകാരമുള്ള തുകയേ ഈടാക്കാവൂവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതിനാല്‍, സിംഗിള്‍ബെഞ്ച് ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it