രണ്ടു ഫലസ്തീനികള്‍ക്ക് വെടിവയ്പില്‍ ഗുരുതര പരിക്ക്

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട കിഴക്കന്‍ ജറുസലേമിലും ഇസ്രായേല്‍ നഗരമായ കിര്‍യാത്ത് ഗാനിലുമുണ്ടായ കത്തിക്കുത്തിനു പിന്നാലെ വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ രണ്ടു ഫലസ്തീനികള്‍ക്കു ഗുരുതര പരിക്കേറ്റു. വടക്ക് പടിഞ്ഞാറന്‍ റാമല്ലയിലെ ജൂത കുടിയേറ്റ മേഖലയായ ബെയ്ത്ത് ഇല്ലില്‍ 350 ഓളം ഫലസ്തീനികള്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടിയതായി ഇസ്രായേല്‍ സൈനിക വക്താവ് അറിയിച്ചു. അതേസമയം, വെസ്റ്റ്ബാങ്കില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് ഫലസ്തീന്‍-ഇസ്രായേല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു.

ഫലസ്തീന്‍ സുരക്ഷാവകുപ്പു മേധാവികളും വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ സൈനികമേധാവിയും മറ്റു മുതിര്‍ന്ന ഇസ്രായേല്‍ ഓഫിസര്‍മാരും സംബന്ധിച്ചു. സമാധാനം തിരിച്ചുകൊണ്ടുവരണമെന്നും സ്‌ഫോടനാത്മകമായ സ്ഥിതി അനുഗുണമാവില്ലെന്നും ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീന്‍ പ്രകടനക്കാര്‍ നിയന്ത്രണരേഖകളിലേക്ക് എത്തുന്നതും സൈനിക കാവല്‍പ്പുരകളില്‍ ഇസ്രായേല്‍ സൈന്യവുമായി ഏറ്റുമുട്ടുന്നതും തടയണമെന്ന് ഇസ്രായേല്‍ പക്ഷം ആവശ്യപ്പെട്ടു.

അതേസമയം, സുരക്ഷാ നടപടികള്‍ ലഘൂകരിക്കണമെന്നും കുടിയേറ്റക്കാരുടെ ചലനങ്ങളെ നിയന്ത്രിക്കണമെന്നും ഫലസ്തീനികളും ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ക്ക് അയവു വരുത്തുന്നതിന് മുതിര്‍ന്ന ഫലസ്തീന്‍-ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്ന് ഹാരറ്റ്‌സ് റിപോര്‍ട്ട് ചെയ്തിരുന്നു.

വീണ്ടും സംഘര്‍ഷം ആരംഭിച്ചശേഷം നടക്കുന്ന ഇത്തരത്തിലുള്ള ആദ്യയോഗമാണിത്. ഇസ്രായേലുമായി ഉണ്ടാക്കിയ എല്ലാ കരാറുകളും ഉപേക്ഷിക്കുമെന്നു കഴിഞ്ഞ ആഴ്ച അബ്ബാസ് യു.എന്നില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടു കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിനു ശേഷം ഫലസ്തീന്‍ അതോറിറ്റി ഇസ്രായേലുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്തിയിട്ടുെണ്ടെന്ന് ഇസ്രായേലി ചാനല്‍റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it