രണ്ടു കുടുംബത്തിലെ ആറുപേര്‍ മരിച്ചനിലയില്‍

ചാത്തന്നൂര്‍ (കൊല്ലം): രണ്ടു കുടുംബങ്ങളിലെ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പോളച്ചിറ ഗുരുകുലം ക്ഷേത്രത്തിനു സമീപം ലളിതവിലാസത്തില്‍ അരുണ്‍കുമാര്‍ പിള്ളയുടെ ഭാര്യ അര്‍ച്ചന (30), പെണ്‍മക്കളായ അനു (ഒമ്പത്), എമി (അഞ്ച്), പോളച്ചിറ ഉദയകല ക്ലബ്ബിന് സമീപം രതീഷ്ഭവനില്‍ രതീഷ് (28), ഭാര്യ ശരണ്യ (21), മകന്‍ യദുകൃഷ്ണ (രണ്ടര) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അര്‍ച്ചനയുടെയും കുടുംബത്തിന്റെയും മരണവിവരം പുറത്തറിയുന്നത്. 10 മണിയോടെയാണ് രതീഷും കുടുംബവും മരിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്. ഇരുകുടുംബങ്ങളുടെയും വീടുകള്‍ തമ്മില്‍ 200 മീറ്റര്‍ അകലം മാത്രമേയുള്ളൂ.
സിപിഐ പോളച്ചിറ ബ്രാഞ്ച് സെക്രട്ടറിയാണ് മരിച്ച അര്‍ച്ചന. ഭര്‍ത്താവ് അരുണ്‍കുമാര്‍പിള്ള വിദേശത്താണ്. അര്‍ച്ചനയ്ക്ക് നാട്ടിലുണ്ടായിരുന്ന ചില സാമ്പത്തിക ഇടപാടുകള്‍ കുടുംബപ്രശ്‌നങ്ങളായി വളര്‍ന്നിരുന്നതായി പോലിസ് പറയുന്നു. പലരില്‍നിന്നും പണം വാങ്ങി അര്‍ച്ചന മറ്റുള്ളവര്‍ക്ക് പലിശയ്ക്ക് നല്‍കിവന്നിരുന്നു. ഇതില്‍ അര്‍ച്ചന നല്‍കാനുള്ള പണം തിരികെ നല്‍കുകയും കിട്ടാനുള്ള പണം ലഭിക്കാതെ വരുകയും ചെയ്തതോടെ ഇവര്‍ കടുത്ത പ്രതിസന്ധിയിലായി. ദിവസവും വൈകുന്നേരം ചിറക്കരയിലെ കുടുംബവീട്ടിലെത്തി അവിടെയായിരുന്നു അര്‍ച്ചനയും കുട്ടികളും ഉറങ്ങിയിരുന്നത്. ശനിയാഴ്ചയും ഇവര്‍ ചിറക്കരയിലെത്തിയെങ്കിലും പോളച്ചിറയിലെ വീട്ടിലേക്കു മടങ്ങി.
രാത്രി അര്‍ച്ചനയുടെ അച്ഛന്‍ വിജയന്‍പിള്ള ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടോടെ വിജയന്‍പിള്ള അര്‍ച്ചനയുടെ വീട്ടിലെത്തി. വാതില്‍ ചാരിയ നിലയിലായിരുന്നു. അകത്തുകയറിയപ്പോള്‍ കുട്ടികളെ മരിച്ചനിലയില്‍ കിടക്കയിലും അര്‍ച്ചനയെ ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തുകയായിരുന്നു.
പോലിസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനിടയിലാണ് രതീഷിന്റെയും കുടുംബത്തിന്റെയും മരണവിവരം അറിയുന്നത്. കഴിഞ്ഞ ദിവസം പോളച്ചിറ നന്ദഗോകുലത്തില്‍ രാജന്‍പിള്ളയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തല്ലിത്തകര്‍ക്കുകയും ഫാമിലെ 10 പശുക്കളെ അഴിച്ചുവിടുകയും ചെയ്ത സംഭവത്തില്‍ രതീഷിന്റെ പങ്കിനെക്കുറിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ശരണ്യയുടെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും യദുകൃഷ്ണയുടേത് കട്ടിലില്‍ കിടക്കുന്ന നിലയിലും രതീഷിന്റേത് മറ്റൊരു മുറിയില്‍ തൂങ്ങിയ നിലയിലുമായിരുന്നു കാണപ്പെട്ടത്.
Next Story

RELATED STORIES

Share it