thiruvananthapuram local

രണ്ടുവര്‍ഷത്തിനിടെ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ മൂന്നാമത്തെ പ്രസിഡന്റ്



എം എം അന്‍സാര്‍

കഴക്കൂട്ടം: രണ്ട് വര്‍ഷം തികയുന്നതിന് മുമ്പ്  പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിന് മൂന്നാമത്തെ പ്രസിഡന്റ്. 13 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള യുഡിഎഫിന് ആദ്യ തവണ കോണ്‍ഗ്രസ് അംഗത്തെ പ്രസിഡന്റ് ആക്കാന്‍ സാധിച്ചെങ്കില്‍ ശേഷമുള്ള രണ്ട് തവണയും എല്‍ഡിഎഫ് പിന്‍തുണയോടെ കോണ്‍ഗ്രസ് വനിതാ അംഗങ്ങള്‍ പ്രസിഡന്റായ വിചിത്ര സംഭവമാണ് ഇവിടെ തുടരുന്നത്. കോണ്‍ഗ്രസ് അംഗം ജലജകുമാരി ആദ്യതവണ പ്രസിഡന്റായത് മുതല്‍ കോണ്‍ഗ്രസിലെ മറ്റ് വനിതാ അംഗങ്ങള്‍ അസഹിഷ്ണുതയിലായിരുന്നു. തുടര്‍ന്ന് ഈ അവസരം സിപിഎം മുതലെടുക്കുകയും ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തുമ്പ ഡിവിഷനില്‍ നിന്ന് വിജയിച്ച് വന്ന കോണ്‍ഗ്രസ് അംഗം ജോളി പത്രോസിനെ കൂറ് മാറ്റി അവിശ്വാസം കൊണ്ടുവന്ന് കോന്‍ഗ്രസ് പ്രസിഡന്റ് ജലജകുമാരിയെ പുറത്താക്കുകയായിരുന്നു.തുടര്‍ന്ന് സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് വന്ന ജോളി പത്രോസ് പ്രസിഡന്റായി. വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ ജോളി പത്രോസ് ഭരണം തുടരവേ കോണ്‍ഗ്രസ് നേതൃത്വം കൂറുമാറ്റ നിരോധന  നിയമപ്രകാരം നിയമ നടപടികള്‍ ആരംഭിച്ചു. തന്റെ പ്രസിഡന്റ് പദവി മാത്രമല്ല അംഗത്വവും ആറ് വര്‍ഷം വരെ വിലക്കും നേരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം മനസിലാക്കിയ ജോളി പത്രോസ് തന്റെ പ്രസിഡന്റ് സ്ഥാനം സിപിഎം നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ടു രാജിവെക്കുകയായിരുന്നു. കോണ്‍ഗ്രസ് അംഗത്തെ മാറ്റി ഭരണം പിടിച്ചെടുത്ത സിപിഎമ്മിനേറ്റ അപ്രതീക്ഷിത പ്രഹരമായിരുന്നു ഈ രാജി. വീണ്ടും യുഡിഎഫ് ഭരണം വരുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ടു മുരുക്കുംപുഴ ഡിവിഷനിലെ കോണ്‍ഗ്രസ് അംഗം ഷാനിഫാ ബീഗം സിപിഎമ്മിന്റെ പ്രലോഭനത്തില്‍ കൂറ് മാറി. തുടര്‍ന്നാണ് സിപിഎം ഷാനിഫാ ബീഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിച്ചത്. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ചുണ്ടിനും കപ്പിനുമിടയില്‍ ബ്ലോക്ക് ഭരണം കോണ്‍ഗ്രസിന് തുടര്‍ച്ചയായി നഷ്ടമാകുന്നത് കോണ്‍സിനുള്ളിലെ ഗ്രൂപ്പ് വൈര്യവും അധികാരക്കൊതിയും കാരണമാണ്. ഏത് വിധേനയും ഭരണം നേടുക എന്ന നിലയില്‍ സിപിഎമ്മും എത്തിയതോടെ കോണ്‍ഗ്രസിലെ അസംതൃപ്തര്‍ക്ക് ചുരുങ്ങിയ സമയമെങ്കിലും പ്രസിഡന്റ് പദവി അലങ്കരിക്കാമെന്ന അവസ്ഥയും വന്നു.
Next Story

RELATED STORIES

Share it