രണ്ടുവട്ടം മല്‍സരിച്ച ആറുപേര്‍ക്ക് ഇളവ്; അജിത്തിന് സീറ്റില്ല

തിരുവനന്തപുരം: സിപിഐ സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കി. 25 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വൈക്കം എംഎല്‍എ കെ അജിത്ത് ഒഴികെ രണ്ട് ടേം പൂര്‍ത്തിയാക്കിയ എല്ലാ എംഎല്‍എമാരും മല്‍സരിക്കും. ദേശീയ കൗണ്‍സിലംഗവും നിയമസഭാ കക്ഷിനേതാവുമായ സി ദിവാകരന്‍ നെടുമങ്ങാട്ടാണു മല്‍സരിക്കുക. കൈപ്പമംഗലം എംഎല്‍എയും പാര്‍ട്ടി വക്താവുമായ വി എസ് സുനില്‍കുമാര്‍ തൃശൂരിലേക്ക് മാറും. ഇന്നലെ ചേര്‍ന്ന സിപിഐ നിര്‍വാഹകസമിതി യോഗത്തിന്റേതാണു തീരുമാനം. തുടര്‍ന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഇതിന് അംഗീകാരം നല്‍കി. മുല്ലക്കര രത്‌നാകരന്‍-ചടയമംഗലം, ഇ എസ് ബിജിമോള്‍-പീരുമേട്, പി തിലോത്തമന്‍-ചേര്‍ത്തല, കെ രാജു-പുനലൂര്‍ എന്നിവിടങ്ങളില്‍ ജനവിധി തേടും. സിറ്റിങ് എംഎല്‍എമാരായ വി ശശി-ചിറയിന്‍കീഴ്, ചിറ്റയം ഗോപകുമാര്‍-അടൂര്‍, ഗീത ഗോപി-നാട്ടിക, ജി എസ് ജയലാല്‍-ചാത്തന്നൂര്‍, ഇ ചന്ദ്രശേഖരന്‍-കാഞ്ഞങ്ങാട്, ഇ കെ വിജയന്‍-നാദാപുരം എന്നിവര്‍ അതേ മണ്ഡലങ്ങളില്‍ തന്നെ വീണ്ടും ജനവിധിതേടും.സി ദിവാകരന്റെയും വി എസ് സുനില്‍കുമാറിന്റെയും സ്ഥാനാര്‍ഥിത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണു നിര്‍വാഹകസമിതിയില്‍ ഉയര്‍ന്നത്. കൈപ്പമംഗലത്ത് തന്നെ മല്‍സരിക്കാനാണു സുനില്‍കുമാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതെങ്കിലും തൃശൂരില്‍ നിന്നുള്ള സി എന്‍ ജയദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തു. തൃശൂര്‍ മണ്ഡലത്തില്‍ സുനില്‍കുമാര്‍ മല്‍സരിക്കുന്നതിനെതിരെയും എതിര്‍പ്പുണ്ടായി. ദിവാകരന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ആര്‍ ലതാദേവി രൂക്ഷവിമര്‍ശനമുന്നയിച്ചു.അതേസമയം, ദിവാകരനെ കരുനാഗപ്പള്ളിയില്‍ നിന്ന് നെടുമങ്ങാട്ടേക്ക് മാറ്റാന്‍ നിര്‍വാഹകസമിതി തീരുമാനിച്ചു. കരുനാഗപ്പള്ളിയില്‍ കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ രാമചന്ദ്രനെ മല്‍സരിപ്പിക്കും. വൈക്കത്ത് കെ അജിത്തിന് പകരം സി കെ ആശയായിരിക്കും സ്ഥാനാര്‍ഥി. മണ്ഡലം, ജില്ലാ കമ്മിറ്റികളില്‍ നിന്നു ശുപാര്‍ശകളില്ലാത്തതിനാലാണ് സിറ്റിങ് എംഎല്‍എ അജിത്തിനെ ഒഴിവാക്കിയത്. അടൂരില്‍ തര്‍ക്കമുണ്ടായിരുന്നെങ്കിലും സിറ്റിങ് എംഎല്‍എയായ ചിറ്റയം ഗോപകുമാറിനെ തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. ജെഎന്‍യു വിദ്യാര്‍ഥി നേതാവ് മുഹമ്മദ് മുഹ്‌സിനെ പട്ടാമ്പിയില്‍ രംഗത്തിറക്കും. കഴിഞ്ഞതവണ പട്ടാമ്പിയില്‍ പരാജയപ്പെട്ട കെ പി സുരേഷ് രാജ് ഇത്തവണ മണ്ണാര്‍ക്കാട്ട് ജനവിധി തേടും. കഴിഞ്ഞതവണ പന്ന്യന്‍ രവീന്ദ്രനെ മല്‍സരിപ്പിച്ചിട്ടും വിജയിക്കാന്‍ കഴിയാതിരുന്ന പറവൂരില്‍ പി കെ വാസുദേവന്‍നായരുടെ മകള്‍ ശാരദ മോഹന്‍ സ്ഥാനാര്‍ഥിയാവും. മുന്‍മന്ത്രി വി കെ രാജന്റെ മകന്‍ വി ആര്‍ സുനില്‍കുമാര്‍ കൊടുങ്ങല്ലൂരില്‍ മല്‍സരിക്കും. എഐവൈഎഫ് നേതാവ് കെ രാജന്‍ ഒല്ലൂരില്‍ ജനവിധി തേടും.കെ ടി ജോസ്-ഇരിക്കൂര്‍, നിയാസ് പുളിക്കലത്ത്-തിരൂരങ്ങാടി, ഇ ടി ടൈസണ്‍ മാസ്റ്റര്‍-കയ്പ്പമംഗലം, എല്‍ദോ എബ്രഹാം-മൂവാറ്റുപുഴ, വി ബി ബിനു-കാഞ്ഞിരപ്പള്ളി, പി പ്രസാദ്-ഹരിപ്പാട് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍. ഏറനാട് മണ്ഡലത്തില്‍ കെ കെ സമദിനെ മല്‍സരിപ്പിക്കാന്‍ ധാരണയായെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മഞ്ചേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.
Next Story

RELATED STORIES

Share it