Pathanamthitta local

രണ്ടിടത്ത് മുതിര്‍ന്ന വോട്ടര്‍മാരെത്തിയത് ഡോളികളില്‍

പത്തനംതിട്ട: ജില്ലയിലെ രണ്ടു ബൂത്തുകള്‍ ബാലികേറാമലയായപ്പോള്‍ പ്രായം ചെന്ന വോട്ടര്‍മാരെ എത്തിച്ചത് ഡോളിയില്‍. ആറന്മുള മണ്ഡലത്തിലെ നഗരസഭാ പരിധിയില്‍പ്പെട്ട മുണ്ടുകോട്ടയ്ക്കല്‍ എസ്എന്‍എസ്‌വിഎംയുപിഎസ്, കോന്നി മണ്ഡലത്തിലെ നീലിപിലാവ് എല്‍പിഎസ് എന്നീ ബൂത്തുകളിലാണ് ഡോളിയില്‍ വോട്ടര്‍മാരെ എത്തിച്ചത്.
മുണ്ടുകോട്ടയ്ക്കലിലെ ബൂത്തില്‍ 48 പടി കയറി വേണമായിരുന്നു വോട്ടര്‍മാര്‍ എത്താന്‍. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കൗണ്‍സിലര്‍ സജി കെ സൈമണ്‍ ഹൈക്കോടതിയെ സമീപിച്ചാണ് ഡോളി സംവിധാനം ഏര്‍പ്പെടുത്താന്‍ അനുവാദം നേടിയത്. ശബരിമലയിലെ ഡോളി ചുമട്ടുകാരെയാണ് ഇവിടെ നിയോഗിച്ചത്. അതിന് ശേഷം ഈ ബൂത്ത് ഇവിടെ നിന്നു മാറ്റി സ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നു. സൗകര്യപ്രദമായ മറ്റൊരു സ്ഥലം കിട്ടാത്തതിനാല്‍ ഇവിടെത്തന്നെ തുടര്‍ന്നു. വീണ്ടും ഹൈക്കോടതിയെ സമീപിച്ച സജി കെ സൈമണ്‍ ഡോളി സംവിധാനം ഏര്‍പ്പെടുത്താനുള്ള അനുവാദം വാങ്ങി. 95 പേരെയാണ് ഇവിടെ ഡോളിയില്‍ എത്തിച്ചത്. നീലിപിലാവിലെ 37ാം നമ്പര്‍ ബൂത്തിലേക്ക് ഡോളി സൗകര്യം ഏര്‍പ്പെടുത്തിയത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്. മെയിന്‍ റോഡില്‍ നിന്നും കുത്തനെ 75 മീറ്റര്‍ ഉയരത്തിലാണ് പോളിങ് ബൂത്ത് സ്ഥിതി ചെയ്യുന്നത്. പടി നടന്നു കയറാന്‍ കഴിയാത്ത ഏഴുപേരെയാണ് ഇങ്ങനെ ബൂത്തില്‍ എത്തിച്ചത്.
Next Story

RELATED STORIES

Share it