Pathanamthitta local

രണ്ടിടത്ത് തീപ്പിടിത്തം: രക്ഷകരായി യുവാക്കള്‍

എരുമേലി: വെളളിയാഴ്ച രാത്രിയില്‍ എരുമേലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്തും പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തും രണ്ട് കടകളിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി സൃഷ്ടിച്ചു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനടുത്ത് ദേവസ്വം കെട്ടിടത്തില്‍ ചന്ദ്രന്റെ കടയുടെ മുന്നിലുള്ള ചായക്കടയിലായിരുന്നു ആദ്യ തീ പിടുത്തം. രാത്രി ഒമ്പതോടെ പാചകവാതകം ചോര്‍ന്നുണ്ടായ തീ പ്പിടിത്തം വ്യാപിക്കുന്നതിന് മുമ്പ് അഗ്നിശമനസേനയെത്തി കെടുത്തി. രാത്രി 10.30 ഓടെയാണ് പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്ത് കൈരളി റെജിയുടെ അടച്ചിട്ടിരുന്ന പച്ചക്കറി വില്‍പന കടയില്‍ അഗ്നിബാധയുണ്ടായത്. വൈദ്യുതി ഷോര്‍ട് സര്‍ക്യൂട്ടിലൂടെ പടര്‍ന്ന തീ കടയ്ക്കുള്ളില്‍ വ്യാപിച്ച് ഇലക്ട്രിക് ഉപകരണങ്ങളുള്‍പ്പടെ വിലപിടിപ്പുളള നിരവധി സാധനങ്ങള്‍ കത്തി നശിച്ചു. ഈ സമയം അതുവഴി വന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ഭാരവാഹികളുമായ ഏതാനും യുവാക്കള്‍ തീയും പുകയും കണ്ട് ധൈര്യസമേതം കടയ്ക്കുള്ളില്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് കയറി തീ കെടുത്താന്‍ ശ്രമിച്ചു. ഏഴ് ഗ്യാസ് സിലിണ്ടറുകള്‍ കടയ്ക്കുള്ളിലുണ്ടായിരുന്നു. ഇവയുള്‍പ്പടെ സാധനങ്ങള്‍ വലിച്ച് ഇവര്‍ പുറത്തിട്ടതിനൊപ്പം വെള്ളം കൊണ്ട് വന്ന് തീ കെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇവര്‍ അറിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്‌സെത്തി തീ പൂര്‍ണമായും കെടുത്തി. അര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.  രക്ഷാപ്രവര്‍ത്തനം നടത്തിയ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി റാഫി, റസല്‍, ഷെബിന്‍, അനസ്, അരവിന്ദ്, അഭിജിത് എന്നിവരെയും അഗ്‌നിശമന സേനയെയും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റ് അനുമോദിച്ചു.എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റില്‍ പച്ചക്കറി കടയിലുണ്ടായ അഗ്‌നിബാധയില്‍ സാധനങ്ങള്‍ കത്തിനശിച്ച നിലയില്‍
Next Story

RELATED STORIES

Share it