Alappuzha local

രണ്ടായിരം കിലോയോളം വെടിമരുന്ന് പോലിസ് സ്‌റ്റേഷന് പിന്നില്‍ ഒരു വര്‍ഷം സൂക്ഷിച്ചു; വെടിമരുന്ന് നശിപ്പിക്കും

മുഹമ്മ: മാരാരിക്കുളം പോലിസ് സ്റ്റേഷന് പിന്നില്‍ നിര്‍വീര്യമാക്കാതെ ചാക്കില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ട് സ്‌ഫോടകശേഖരം നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.
നിര്‍മാണ ശാലകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന രണ്ടായിരം കിലോയോളം വെടിമരുന്നാണ് കഴിഞ്ഞ വിഷുവിന് പലയിടങ്ങളില്‍ നിന്നായി പോലിസ് പിടികൂടിയത്. ഇവ പോലിസ് സ്‌റ്റേഷന്റെ പിന്നില്‍ ഒരു വര്‍ഷമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
അതിശക്തമായ ചൂടില്‍ സ്‌ഫോടന വസ്തുക്കള്‍ പൊട്ടിത്തെറിക്കാന്‍ ഇടയുള്ളതിനാല്‍ പോലിസുകാര്‍ അടക്കമുള്ളവര്‍ ഭീതിയോടെയാണ് ഇവിടെ ജോലി ചെയ്തിരുന്നത്. വെടിമരുന്നുകള്‍ നിര്‍വീര്യമാക്കുന്ന വിദഗ്ധര്‍ ചെന്നൈയിലും എറണാകുളത്തുമാണുള്ളത്. കൊല്ലം പരവൂരില്‍ വെടിമരുന്ന് പൊട്ടിത്തെറിച്ച് അപകടമുണ്ടായ സാഹചര്യത്തില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ റെയ്ഡ് നടത്തി പിടികൂടിവരികയാണ് പോലിസ്. ഇതിനിടയിലാണ് പോലിസ് സ്‌റ്റേഷനില്‍ വെടിമരുന്ന് സൂക്ഷിച്ചിരിക്കുന്നതായി വാര്‍ത്ത പടരുന്നത്.
അതേസമയം റെയ്ഡില്‍ പിടികൂടുന്ന വെടിമരുന്ന് ശേഖരം എങ്ങനെ സൂക്ഷിക്കണമെന്ന് പോലിസിന് വ്യക്തമായ നിര്‍ദേശമില്ല. ഇവ പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിക്കേണ്ടി വരുന്നതും പോലിസിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.
എന്നാല്‍ കൊല്ലം ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പോലിസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന വെടിമരുന്നുകള്‍ നിര്‍വീര്യമാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വിദഗ്ധര്‍ എത്താത്തതാണ് സ്‌ഫോടക വസ്തു നിര്‍വീര്യമാക്കാന്‍ പറ്റാത്തതാണെന്നാണ് പോലിസ് ഭാഷ്യം.
അതേസമയം ജില്ലയില്‍ അനധികൃത പടക്ക നിര്‍മാണ ശേഖരം തേടിയുള്ള പോലിസ് റെയ്ഡ് ഇന്നലെയും തുടര്‍ന്നു. പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയില്‍ പറമ്പില്‍ നിന്ന് പടക്കശേഖരം പിടികൂടി. പരിശോധന തുടരുമെന്ന് പോലിസ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it