kozhikode local

രണ്ടാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവര്‍ത്തനം മാര്‍ച്ചില്‍ തുടങ്ങും

ഇ രാജന്‍

കോഴിക്കോട്: മെഡിക്കല്‍കോളജ് രണ്ടാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കെട്ടിടനിര്‍മാണം പൂര്‍ത്തിയാവുന്നു. മാര്‍ച്ച് മാസത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. 150 കോടി ചെലവിലാണ് രണ്ടാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി  മെഡിക്കല്‍ കോളജില്‍ പണിപൂര്‍ത്തിയാക്കുന്നത്. പ്രധാനമന്ത്രിയുടെ സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്. മലബാറിലെ ആറു ജില്ലകളിലെ രോഗികള്‍ ഇന്നും അത്യാസന്നഘട്ടങ്ങളില്‍ ചികില്‍സയ്ക്ക് ആശ്രയിക്കുന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിനെയാണ്. സ്ഥലപരിമിതിയും അത്യാധുനിക ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്തതയും കൊണ്ട് നട്ടം തിരിയുന്ന മെഡിക്കല്‍കോളജിനെ അടിമുടി മാറ്റിമറിക്കാന്‍ പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി  ഉപകരിക്കും. കാരന്തൂര്‍ റോഡില്‍ നിലവിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനു സമീപത്താണ് രണ്ടാമത്തെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നത്. കെട്ടിടം നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാഷ്വാലിറ്റി ബ്ലോക്ക് രാജ്യത്തെ പ്രമുഖ ആശുപത്രികളെ മാതൃകയാക്കിയാണ് നിര്‍മിക്കുന്നത്. 24 മണിക്കൂര്‍ ലബോറട്ടറി സൗകര്യം, ഇമേജിങ് ഫെസിലിറ്റി, ഐസിയും ബ്ലഡ് ബാങ്ക് തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന എമര്‍ജന്‍സി മെഡിസിന്‍, ട്രോമാകെയര്‍വിഭാഗം, ഫാമിലി മെഡിസിന്‍, നിയോനാറ്റോളജി, ഇമ്മ്യൂണോ ഹിമറ്റോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ തുടങ്ങിയ പ്രത്യേക ക്ലിനിക്കുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിക്കും.ബയോ കെമിസ്ട്രി, പാത്തോളജി, മൈക്രോ ബയോളജി, വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക സെന്റര്‍ ഡയഗ്്‌നോസ്റ്റിക് സംവിധാനവും ഉണ്ടാവും. മെഡിക്കല്‍ കോളജിലെ മുഴുവന്‍ ഐസിയു യൂനിറ്റുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നവീകരണം കോളജ് ലൈബ്രറി നവീകരണം, എ്ന്നിവയും ഇതില്‍ ഉള്‍പ്പെടും. ആശുപത്രിയിലെ നിലവിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ബ്ലോക്ക്, എന്‍എംസിഎച്ച്, ഐഎംസിഎച്ച്, നിര്‍ദ്ദിഷ്ട സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവ ബന്ധിപ്പിക്കുന്ന ഇടനാഴി സ്ഥാപിക്കും. ഇതുവഴി രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും മഴയും വെയിലും ഏല്‍ക്കാതെ നടക്കാനാവും. എം കെ രാഘവന്‍ എംപിയുടെ നിരന്തരശ്രമത്തിന്റെ ഫലമായാണ് പുതിയ സൂപ്പര്‍സ്‌പെഷ്യാലിറ്റി പ്രവര്‍ത്തനം ആരംഭിക്കാനായത്. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2011 ല്‍ പദ്ധതിക്കു രൂപരേഖ തയ്യാറാക്കി സര്‍ക്കാറിലേക്ക് അയച്ചുകൊടുത്തത്. എട്ട് വര്‍ഷത്തോളം കാലതാമസമെടുത്താണ് പദ്ധതി അവസാനം 2014 ല്‍ ആണ് 150 കോടി സര്‍ക്കാര്‍ അനുവദിച്ചത്. 1258 കോടി കേന്ദ്രസര്‍ക്കാറും 25 കോടി സംസ്ഥാന സര്‍ക്കാറുമാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റിക്കു പണം അനുവദിച്ചത്.
Next Story

RELATED STORIES

Share it