World

രണ്ടാം ലോകമഹായുദ്ധകാലത്തെ വിമാനവാഹിനിക്കപ്പല്‍ കണ്ടെത്തി

സിഡ്‌നി: രണ്ടാം ലോകമഹായുദ്ധകാലത്തെ യുഎസ് വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് ലെക്‌സിങ്ടണ്‍ ആസ്‌ത്രേലിയന്‍ തീരത്തിനു സമീപം കടലിനടിയില്‍ നിന്നു കണ്ടെത്തി. 1942 മെയ് നാലിനും എട്ടിനുമിടയിലാണ് യുദ്ധക്കപ്പല്‍ കാണാതാവുന്നത്. കപ്പലിലുണ്ടായിരുന്ന 200ഓളം പേര്‍ യുദ്ധത്തില്‍ മരിച്ചതായാണ് വിവരം. 2000 പേര്‍ രക്ഷപ്പെട്ടതായി കരുതപ്പെടുന്നു. ലെക്‌സിങ്ടണിന്റെ പേരെഴുതിയ ഫലകവും തോക്കുകളും കടലിന്റെ അടിത്തട്ടില്‍ നിന്നു ലഭിച്ചിട്ടുണ്ട്.
കടലില്‍ മൂന്നു കിലോമീറ്റര്‍ ആഴത്തിലാണ് ലെക്‌സിങ്ടണ്‍ കണ്ടെത്തിയത്. കണ്ടെത്തിയ സ്ഥലം ആസ്‌ത്രേലിയയില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെയാണ്. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ നേതൃത്വം നല്‍കുന്ന തിരച്ചില്‍ സംഘമാണ് കപ്പല്‍ കണ്ടെത്തിയത്. കപ്പലിനോടൊപ്പം 11 ചെറുവിമാനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്റെ മുന്നേറ്റം തടസ്സപ്പെടുത്തുന്ന ആക്രമണങ്ങള്‍ ആസ്‌ത്രേലിയന്‍ തീരത്ത് നടന്നിരുന്നു. ജപ്പാന്റെ ടോര്‍പ്പിഡോ, ബോംബാക്രമണങ്ങളാല്‍ യുഎസ് വിമാനവാഹിനിക്കപ്പല്‍ നശിപ്പിക്കപ്പെട്ടതായാണ് കരുതുന്നത്. 1945ല്‍ കടലില്‍ കാണാതായ യുഎസ്എസ് ഇന്ത്യാനപോളിസ് കപ്പല്‍ കഴിഞ്ഞവര്‍ഷം കടലിന്റെ അടിത്തട്ടില്‍ നിന്നു ലഭിച്ചിരുന്നു. ഇതോടൊപ്പം ജപ്പാന്‍ യുദ്ധക്കപ്പല്‍ മുസാഷി, ഇറ്റലിയുടെ നാവികക്കപ്പലായ ആര്‍ട്ടിഗ്ലേറി എന്നിവയും കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it