Flash News

രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് : 20,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കും- ധനമന്ത്രി



തിരുവനന്തപുരം: രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജില്‍ 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. വലിയ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, നിര്‍ധനരെ സംരക്ഷിക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ ഇതിലുള്‍പ്പെടും. ഇതിനാവശ്യമായ പണം കിഫ്ബി മുഖാന്തരം സമാഹരിക്കാനാണു തീരുമാനം. 12,000 കോടിയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. 2,800 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഉടന്‍ അനുമതി നല്‍കും. 18,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഈ വര്‍ഷം തുടക്കമാവും. കുടിവെള്ള പദ്ധതികളില്‍ 3,000 കോടിയുടെ ഭരണാനുമതി നല്‍കിയപ്പോള്‍ 1000 കോടിയുടെ പദ്ധതികള്‍ ടെന്‍ഡറായെന്നും ധനമന്ത്രി അറിയിച്ചു.  ടൂറിസം മേഖലയിലെ നിക്ഷേപം ഉയര്‍ത്താന്‍ ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും മാന്ദ്യവിരുദ്ധ പാക്കേജില്‍ മുന്‍ഗണന നല്‍കും. ഭൂമിയേറ്റെടുക്കല്‍ ആവശ്യമായ പദ്ധതികളില്‍ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിനോടൊപ്പം തന്നെ ഭൂമിയേറ്റെടുക്കല്‍ നടപടികളും ആരംഭിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനം സംബന്ധിച്ച് ഒരുവിധ ആശങ്കയുമില്ല. നിയമസഭയും മന്ത്രിസഭയും അംഗീകരിക്കുന്ന പദ്ധതികള്‍ക്കു പണം ലഭ്യമാക്കുക മാത്രമാണ് കിഫ്ബിയുടെ ചുമതല. വിനോദ് റായ് ഉള്‍പ്പെടെയുള്ള ലോകം അംഗീകരിക്കുന്ന വ്യക്തിത്വങ്ങളാണ് കിഫ്ബിയെ നിയന്ത്രിക്കുന്നത്. ഇവര്‍ വഴിവിട്ടുള്ള ഒരു പ്രവര്‍ത്തനവും അംഗീകരിക്കില്ല. നിലവില്‍ 3,227 കോടി രൂപ കിഫ്ബി ഫണ്ടിലുണ്ട്. ഇപ്പോള്‍ വായ്പ എടുക്കേണ്ട ആവശ്യമില്ല. ഓരോ മാസവും എത്ര തുക കൊടുക്കണമെന്നുള്ള അനുമാനക്കണക്ക് തയ്യാറാക്കുന്നുണ്ട്. റോഡ് നികുതി, പെട്രോള്‍-ഡീസല്‍ സെസ് എന്നിവയിലൂടെ 20 വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം കോടി രൂപ കിഫ്ബി ഫണ്ടായി സമാഹരിക്കാന്‍ കഴിയും. ഒപ്പം വരുമാനദായക പദ്ധതികളില്‍ നിന്നുള്ള ആദായവും ഉപയോഗിക്കാം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി നാല് ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. സംസ്ഥാന വരുമാനത്തിന്റെ 25 ശതമാനം മാത്രമേ കടബാധ്യത പാടുള്ളൂവെന്നാണു കേന്ദ്രം നിഷ്‌കര്‍ഷിക്കുന്നത്. അതിനാലാണു വികസനാവശ്യങ്ങള്‍ക്ക് ബജറ്റിന് പുറത്തുനിന്ന് വായ്പ കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഏതെല്ലാം സ്രോതസ്സുകളിലൂടെ കിഫ്ബിയിലേക്ക് ഫണ്ട് കണ്ടെത്താമെന്നതു സംബന്ധിച്ച് പ്ലാനിങ് ബോര്‍ഡ് സെക്രട്ടറി വി എസ് സെന്തില്‍ ചെയര്‍മാനായ സമിതി പഠനംനടത്തി റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു. കിഫ്ബി വഴിയുള്ള നിക്ഷേപം സംബന്ധിച്ച് ഒരുവിധ ആശങ്കയും ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. വികസന പദ്ധതികള്‍ക്കു പണം ശേഖരിക്കുക മാത്രമാണ് കിഫ്ബി വഴി ചെയ്യുന്നത്. വിവിധ വകുപ്പുകള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ക്കാണ് ഈ പണം ഉപയോഗിക്കുക. ഒരുതരത്തിലുള്ള സാമ്പത്തിക അരാജകത്വവും ഇതിന്റെ ഭാഗമായി ഉണ്ടാവില്ലെ—ന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it