രണ്ടാം മലേഗാവ് സ്‌ഫോടനം: എന്‍ഐഎ നടപടി കേസ് ദുര്‍ബലമാക്കും

ന്യൂഡല്‍ഹി: മലേഗാവ് കേസില്‍ സ്വാധ്വി പ്രജ്ഞാസിങിനെ കുറ്റവിമുക്തയാക്കുന്നത് കേസ് ദുര്‍ബലപ്പെടുത്തും. സ്‌ഫോടനത്തെ ഹിന്ദുത്വ ഭീകരശൃംഖലയിലെ മറ്റു പ്രതികളിലേക്കു ബന്ധിപ്പിക്കുന്ന കണ്ണിയാണ് ഇതോടെ ഇല്ലാതാവുന്നത്. പ്രജ്ഞയെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു പ്രതികള്‍ പിടിയിലായത്. മലേഗാവിലെ ബിക്കു ചൗക്കില്‍ മോട്ടോര്‍സൈക്കിളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്.
സ്‌ഫോടനം നടത്തിയ ബൈക്കിന്റെ ഉടമസ്ഥനെത്തേടിയായിരുന്നു ആദ്യ അന്വേഷണം. എന്നാല്‍, രജിസ്‌ട്രേഷന്‍ നമ്പര്‍ അവ്യക്തമായിരുന്നു. വ്യാജ നമ്പരായിരിക്കണം ഇത്തരം ആവശ്യങ്ങള്‍ക്കുള്ള വണ്ടിയില്‍ കാണുകയെന്നതിനാല്‍ എടിഎസ് അത് അവഗണിച്ചു. 25 എംപി കാമറ ഉപയോഗിച്ച് ഫോറന്‍സിക് വിദഗ്ധര്‍ ചാസിസ് നമ്പരിന്റെ ചിത്രമെടുത്തു നടത്തിയ പരിശോധനയില്‍ മൂന്നു സാധ്യതാ നമ്പരാണു കിട്ടിയത്. ഇതുവഴി അന്വേഷണം നടത്തി. ഒരു നമ്പര്‍ ഗുജറാത്തിലും മറ്റൊന്ന് ഉത്തര്‍പ്രദേശിലെ ബദായൂനിലും രജിസ്റ്റര്‍ ചെയ്തതായിരുന്നു. ഈ നമ്പരിലുള്ള വണ്ടികള്‍ ഇപ്പോഴും ഉപയോഗത്തിലിരിക്കുന്നതാണെന്നു കണ്ടെത്തി. മൂന്നാമത്തെ നമ്പരിലായിരുന്നു യഥാര്‍ഥ പ്രതി ഒളിഞ്ഞിരുന്നത്. സ്വാധ്വി പ്രജ്ഞാസിങ് ഠാക്കൂറിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയായിരുന്നു അത്.
പരസ്പര വിരുദ്ധമായിരുന്നു പ്രജ്ഞയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ നല്‍കിയ മൊഴി. തന്റെ വണ്ടി താന്‍ വിറ്റതാണെന്ന് കള്ളം പറഞ്ഞ പ്രജ്ഞാ സിങ് പിന്നീട് കളവ് പോയതാണെന്നു മാറ്റി. പ്രജ്ഞയുടെ ടെലിഫോണ്‍ പരിശോധിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് അവര്‍ എല്ലാം തുറന്നുപറഞ്ഞത്. ശ്യാംലാല്‍ സാഹു എന്ന സയന്‍സ് ബിരുദധാരിയാണ് ആദ്യം അറസ്റ്റിലായത്. സാഹുവാണ് മലെഗാവില്‍ ബോംബ് സ്ഥാപിച്ചത്. ബോംബില്‍ ടൈമര്‍ ഘടിപ്പിച്ച 36കാരന്‍ സയന്‍സ് ബിരുദധാരി ശിവനാരായണന്‍ കലാംഗസാര സിങ് തുടര്‍ന്ന് അറസ്റ്റിലായി. ഇവര്‍ രണ്ടുപേരും ഇപ്പോള്‍ കുറ്റവിമുക്തമാക്കപ്പെട്ടവരിലുണ്ട്.
പിന്നീട് അറസ്റ്റിലായത് സമീര്‍ കുല്‍ക്കര്‍ണിയെന്ന മറ്റൊരു സയന്‍സ് ബിരുദധാരി. ബോംബുണ്ടാക്കാന്‍ വേണ്ട അസംസ്‌കൃത വസ്തുക്കള്‍ ഇയാളാണത്രെ സംഘടിപ്പിച്ചത്. അഞ്ചു ദിവസത്തിന് ശേഷം മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിച്ചിരുന്ന 64കാരന്‍ മേജര്‍ രമേശ് ഉപാധ്യായ പിടിയിലായി. ബോംബ് കൂട്ടിച്ചേര്‍ക്കാന്‍ ബിജെപിയുടെ എക്‌സ് സര്‍വീസ്മാന്‍ സെല്ലിന്റെ മഹരാഷ്ട്ര തലവനായിരുന്ന ഉപാധ്യായയാണ് പരിശീലനം നല്‍കിയതെന്നായിരുന്നു കണ്ടെത്തല്‍. സ്‌ഫോടനത്തിന് പണം സ്വരൂപിച്ച രാകേശ് ധവാദെ, പണം നല്‍കിയ ജഗദീഷ് മാത്രെ എന്നിവര്‍ അറസ്റ്റിലായി. നവംബര്‍ അഞ്ചിനാണ് സൈന്യത്തില്‍ ഹിന്ദുത്വര്‍ക്കുള്ള പങ്കു വെളിപ്പെടുത്തി കേണല്‍ ശ്രീകാന്ത് പുരോഹിത് അറസ്റ്റിലായത്.
മിലിറ്ററി ഇന്റലിജന്‍സ് ഓഫിസറായ പുരോഹിത് സൈന്യത്തില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന ആര്‍ഡിഎക്‌സാണ് ബോംബില്‍ ഉപയോഗിച്ചതെന്നു കണ്ടെത്തി. 2007ല്‍ 68 പേര്‍ കൊല്ലപ്പെട്ട സംജോതാ എക്‌സ്പ്രസ് സ്‌ഫോടനത്തിന് ഉപയോഗിച്ചതും ഇതേ ആര്‍ഡിഎക്‌സ് ആയിരുന്നുവെന്ന് പുരോഹിത് സമ്മതിച്ചു. പുരോഹിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദയാനന്ദ് പാണ്ഡെയെന്ന സുധാകര്‍ ദ്വിവേദിയെ അറസ്റ്റ് ചെയ്യുന്നത്. 40കാരനായ ദയാനന്ദ് പാണ്ഡെയുടെ ലാപ്പ്‌ടോപ്പ് തെളിവുകളുടെ ഒരു ഖനിയായിരുന്നു എടിഎസ്സിന്. ഗൂഢാലോചനാ യോഗങ്ങള്‍ പാണ്ഡെ റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 37 ഓഡിയോ ടേപ്പുകളും മൂന്നു വീഡിയോ ടാപ്പുകളുമാണ് എടിഎസ് കണ്ടെടുത്തത്.
പാണ്ഡെയുടെ ടേപ്പില്‍ ഗൂഡാലോചനയില്‍ ബന്ധമുള്ള എട്ടു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുകളുണ്ട്. ഇതില്‍ നാലു പേര്‍ മിലിറ്ററി ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്നവരോ നേരത്തെ പ്രവര്‍ത്തിച്ചിരുന്നവരോ ആണ്. ഇതില്‍ അറസ്റ്റിലായത് പുരോഹിതും റിട്ട. മേജര്‍ രമേശ് ഉപാധ്യായയും മാത്രമാണ്. പ്രതികള്‍ക്ക് ഇസ്രായേലുമായും നേപ്പാളിലെ ജ്ഞാനേന്ദ്ര രാജാവുമായും ബന്ധമുള്ളതായും കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it