Pathanamthitta local

രണ്ടാം ദിവസവും സര്‍വീസുകള്‍ മുടങ്ങി; ഇന്നു മുതല്‍ ചെയിന്‍ സര്‍വീസുകളും

പത്തനംതിട്ട: 20 ഡ്രൈവര്‍മാരുടെ കുറവിനിടെ അഞ്ച് പേരെ സ്ഥലം മാറ്റിയതോടെ പ്രതിസന്ധിയിലായ പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഇന്നലെയും അഞ്ച് സര്‍വീസുകള്‍ മുടങ്ങി. ഉള്‍നാടന്‍ സര്‍വീസുകളാണ് മുടങ്ങിയത്. ഇതോടെ സ്‌കൂള്‍ പരീക്ഷകള്‍ നടക്കുന്ന ദിവസമായതിനാല്‍ ഏറെ പ്രയാസങ്ങളാണ് ഉണ്ടായത്.
അതേ സമയം കഴിഞ്ഞ ദിവസം തുടങ്ങിയ പത്തനംതിട്ട ചെങ്ങന്നൂര്‍  ലോഫ്‌ലോര്‍ സര്‍വീസ് മുടങ്ങാതെ ഓടിച്ചു. നിലവിലുള്ള സര്‍വീസുകള്‍ക്ക് പുറമേയാണ് ട്രെയിന്‍ യാത്രികരുടെ സൗകര്യാര്‍ഥം കോഴഞ്ചേരി ടൗണില്‍ പ്രവേശിക്കാതെ അധികമായി രണ്ട് സര്‍വീസുകള്‍ നടത്തുന്നത്.
അഞ്ച് പേരെ കുളത്തൂപ്പുഴക്ക് മാറ്റിയത് റദ്ദാക്കാം എന്ന് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥലം മാറ്റം ഉത്തരവ് റദ്ദാക്കിയില്ല. പകരം പത്തനംതിട്ടയിലേക്ക് 11പേരെ മറ്റ് ഡിപ്പോകളില്‍ നിന്നും നിയമിച്ചതായാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇവരുടെ പേര് കണ്ടെത്തിയ യൂനിയനുകള്‍ ഇതിലെ കള്ളത്തരം പുറത്ത് കൊണ്ടുവന്നു. ഈ 11 പേരും നിലവില്‍ ജോലിയില്‍ ഇല്ലാത്തവരാണ്. അവധിയിലും മറ്റും പ്രവേശിച്ചിരിക്കുന്നവരാണ് ഇവര്‍. പത്തനംതിട്ടയ്ക്ക് ഒഴിവിലേക്ക് നിയമനം വേണം എന്ന് പറയുന്നതിനെ നേരിടാനും ഉള്ളവരെ ഇവിടെ നിന്ന് വലിക്കാനും സ്വീകരിച്ച തന്ത്രമായിരുന്നു ഇതെന്ന് വ്യക്തം.11 പേരെ ഇവിടേക്ക് തന്നെങ്കില്‍ എന്താനാണ് അഞ്ച് പേരെ ഇവിടെ നിന്ന് മാറ്റിയതെന്ന് കെഎസ്ആര്‍ടിഇഎ യൂനിയനും ചോദിക്കുന്നു.
ഇത് വിശദീകരിക്കാന്‍ കോ ര്‍പറേഷന് കഴിഞ്ഞില്ല. ഡ്രൈവര്‍മാരുടെ അഭാവത്തില്‍ പൊ ന്‍കുന്നം-പത്തനംതിട്ട-പുനലൂര്‍ ചെയിന്‍ സര്‍വീസും ഇതോടെ തടസപ്പെടുമെന്ന് തൊഴിലാളികള്‍ പറയുന്നു. പത്തനംതിട്ടയില്‍ നിന്ന് മൂന്ന് ബസുകളാണ് സര്‍വീസിന് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമേ കിഴക്കന്‍ മേഖലയില്‍ സ്വകാര്യ ബസ്സുകളുമായി മല്‍സരിച്ച് നേടിയ വിജയങ്ങള്‍ക്കും മങ്ങല്‍ വരും. ചെങ്ങന്നൂര്‍ ചെയിന്‍, ചെങ്ങന്നൂര്‍ ഓര്‍ഡിനറി സര്‍വീസ്, കൊല്ലം ചെയിന്‍ എന്നിവയൊക്കെ പ്രയാസത്തിലാകും. ഇപ്പോള്‍ ആദ്യ ദിവസം ഡ്യൂട്ടി കഴിയുന്നവര്‍ക്ക് ഡ്യൂട്ടി സറണ്ടര്‍ എന്ന നിലയിലാണ് ജോലിക്ക് വന്നിരുന്നത്.
ഇനിയും ജീവനക്കാര്‍ കുറഞ്ഞാല്‍ ഈ ക്രമീകരണവും പാളും.  വലിയ വരുമാനം പത്തനംതിട്ട ഡിപ്പോയ്ക്ക് ലഭിക്കുന്ന സര്‍വീസുകളാണ് മുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ജില്ലാ ആസ്ഥാനത്ത് നിന്നുള്ള സര്‍വീസുകള്‍ മുടങ്ങാതെ നോക്കുമെന്ന് ഡിപ്പോ അധികൃതര്‍ വ്യക്തമാക്കി. സ്ഥലം മാറ്റവും മറ്റും കൊല്ലം സോണല്‍ ഓഫിസാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it