രണ്ടാം ട്വന്റി: ലങ്കയെ ഇന്ത്യ റാഞ്ചി

റാഞ്ചി: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്നലെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ ജന്മനാട്ടില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ റണ്‍സിന് ഇന്ത്യ 69 റണ്‍സിന് ലങ്കയെ തകര്‍ക്കുകയായിരുന്നു.
ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി. നേരത്തെ ആദ്യ ട്വന്റിയില്‍ യുവ ടീമുമായെത്തിയ ലങ്ക ഇന്ത്യയെ ഞെട്ടിച്ചിരുന്നു. പരമ്പരയിലെ അവസാന ഏകദിനം നാളെ വിശാഖപട്ടണത്ത് നടക്കും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 196 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ഓപണര്‍മാരായ ശിഖര്‍ ധവാനും (51) രോഹിത് ശര്‍മയും (43) നല്‍കിയ മികച്ച തുടക്കം സുരേഷ് റെയ്‌നയും (30) ഹാര്‍ദിക് പാണ്ഡ്യയും (27) വെടിക്കെട്ട് ഇന്നിങ്‌സുകളോടെ സ്‌കോറിങിന് വേഗത കൂട്ടുകയായിരുന്നു. 25 റണ്‍സുമായി അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി.
മറുപടിയില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പോയതോടെ ലങ്കന്‍ പോരാട്ടം നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 127 റണ്‍സിലൊതുങ്ങുകയായിരുന്നു. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദിനേഷ് ചാണ്ഡിമലാണ് ലങ്കയുടെ ടോപ്‌സ്‌കോറര്‍.
ഇന്ത്യക്കു വേണ്ടി ആര്‍ അശ്വിന്‍ മൂന്നും ആശിഷ് നെഹ്‌റ, രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുംറ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.
നേരത്തെ 25 പന്തില്‍ ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും അടിച്ചാണ് ധവാന്‍ ഇന്ത്യയുടെ അമരക്കാരനായത്. 36 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും രോഹിതിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
റെയ്‌ന 19 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ നേടിയപ്പോള്‍ പാണ്ഡ്യ 12 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറും അടിച്ചുകൂട്ടി. ശ്രീലങ്കയ്ക്കു വേണ്ടി തിസേര പെരേര മൂന്നും ദുഷ്മന്ത ചമീറ രണ്ടും വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it