Flash News

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊലപാതകം; പതിനൊന്നാംക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊലപാതകം; പതിനൊന്നാംക്ലാസുകാരന്റെ ജാമ്യാപേക്ഷ കോടതി തള്ളി
X
ഗുരുഗ്രാം: റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതക കേസില്‍ അറസ്റ്റിലായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി. കൊലപാതകത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ പുറത്തുവരാതിരിക്കാന്‍ തങ്ങളുടെ മകനെ കേസില്‍ കുടുക്കിയതാണെന്നു കാണിച്ച് രക്ഷിതാക്കള്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

എന്നാല്‍ ജാമ്യത്തെ എതിര്‍ത്ത സി.ബി.ഐ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കൗമാരക്കാരനെ ചോദ്യംചെയ്ത് വരികയാണെന്ന് കോടതിയെ അറിയിച്ചു. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ സെപ്തംബര്‍ എട്ടിനാണ് സ്‌കൂളിലെ ശുചിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നത്.



കേസ് അന്വേഷിച്ച സി.ബി.ഐ പരീക്ഷ മാറ്റിവെക്കുമെന്ന് പ്രതീക്ഷിച്ച് സ്‌കൂളിലെ 11 ാം ക്ലാസ് വിദ്യാര്‍ഥിയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. അഭിഭാഷകന്റെ മകനായ 11ാം ക്ലാസുകാരനെ സി.ബി.ഐ ആറ് മണിക്കൂറോളമായിരുന്നു കേസില്‍ ചോദ്യം ചെയ്തത്.

നേരത്തെ കേസുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് ജീവനക്കാരനെ ഹരിയാന പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, യഥാര്‍ഥപ്രതി ബസ് ജീവനക്കാരനല്ലെന്ന നിലപാടില്‍ മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നതിനെത്തുടര്‍ന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്.

കേസന്വേഷിച്ച സിബിഐ കേസില്‍ അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാര്‍ഥി കുറ്റസമ്മതം നടത്തിയതായി ജുവനൈല്‍ കോടതിയില്‍ അറിയിച്ചിരുന്നു. പിതാവിന്റെയും സ്വതന്ത്ര സാക്ഷിയുടെയും മുന്നിലാണ് വിദ്യാര്‍ഥി കുറ്റം ഏറ്റുപറഞ്ഞതെന്നും സി.ബി.ഐ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it