Alappuzha local

രണ്ടാം കൃഷിക്ക് ഭീഷണിയായി ജലനിരപ്പ് ഉയരുന്നു

ഹരിപ്പാട്: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ രണ്ടാം കൃഷിക്ക്  ഭീഷണി. നദികളിലും തോടുകളിലും ജലനിരപ്പ് ശക്തമായി ഉയര്‍ന്നു. അപ്പര്‍ കുട്ടനാട്ടിലെ വീയപുരം കൃഷിഭവന്‍ പരിധിയിലെ 175 ഏക്കര്‍ വ്യാപ്തിയുള്ള കട്ടക്കുഴി  തേവേരി പാടശേഖരത്തിലും ചെറുതനയിലെ രണ്ട് പാടശേഖരങ്ങളിലുമാണ്  രണ്ടാം കൃഷിയിറക്കിയിട്ടുള്ളത്. കട്ടക്കുഴി പാടശേഖരത്തില്‍   ഞാറു പറിച്ചു നടുന്ന ഘട്ടമാണിത്. 35 ദിവസം പിന്നിട്ടു കഴിഞ്ഞു.
പാടത്തിന്റെ ഒരു വശം പമ്പാനദിയും മറുവശം അച്ചന്‍കോവിലാറുമാണ്. നദികളില്‍  ജലനിരപ്പുയര്‍ന്നതോടെ  കര്‍ഷകര്‍ ആശങ്കയിലായി.  തോട്ടപ്പള്ളി സ്പില്‍വെയുടെ  റഗുലേറ്റുകള്‍  തുറന്നു കിടക്കുന്നുണ്ടെങ്കിലും  പൊഴി അടഞ്ഞു കിടക്കുകയാണ്. മുന്‍ കാലത്തെ അപേക്ഷിച്ച്  പൊഴിയുടെ  നീളവും കൂടിയിട്ടുണ്ട്.
ഏകദേശം ഒരു കിലോമീറ്ററോളം മണല്‍ അടിഞ്ഞു  കരയായി രൂപാന്തര പെട്ടു കിടക്കുകയാണ്. കരാര്‍ കൊടുത്തു സമയ ബന്ധിതമായി മണല്‍ നീക്കം ചെയ്‌തെങ്കിലേ കൃഷിയെ സംരക്ഷിക്കാന്‍  കഴിയൂ.  മുന്‍കാലങ്ങളിലെ സാഹചര്യങ്ങള്‍ മനസ്സിലാക്കി  പൊഴി മുറിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനു വേണ്ടി വീയപുരം ഗ്രാമപ്പഞ്ചായത്ത് സുലൂഷന്‍ പാസാക്കി  കലക്ടര്‍ക്ക് സമര്‍പ്പിച്ചു  കഴിഞ്ഞു.
കഴിഞ്ഞ കൃഷി   സീസണില്‍ കൃഷി  ഓഫീസറുടെ നേതൃത്വത്തില്‍  പാടശേഖര  ഭാരവാഹികള്‍ യോഗം കൂടി അടിയന്തിരമായി പൊഴി മുറിക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം നിവേദനമായി കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നെങ്കിലും അവശ്യ സമയത്ത് പദ്ധതി നടന്നില്ല. ഓരോ  വര്‍ഷവും കരാര്‍ കൊടുത്താണ് പൊഴി മുറിക്കാറുള്ളത്.
എന്നാല്‍ ഈ കരാര്‍ ജോലി നേരത്തെ നടപ്പിലാക്കിയാല്‍ കര്‍ഷകരുടേയും പാടശേഖര സമിതികളുടേയും ആശങ്ക അകലും. നെല്ലുല്‍പാദനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി  പ്രഖ്യാപനം നടത്തുമ്പോഴും  കര്‍ഷകരുടെ പ്രയാസങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് ഗ്രാമപഞ്ചായത്ത്  അംഗവും കട്ടക്കുഴി തേവേരി പാടശേഖര സമിതി സെക്രട്ടറിയുമായ  ബിനു ജോണ്‍ പറഞ്ഞു. കഴിഞ്ഞ കൃഷി നശിച്ചതിന്റെ നഷ്ടപരിഹാരം ലഭിച്ചില്ലെന്നിരിക്കെയാണ് രണ്ടാം കൃഷി എന്ന  സാഹസത്തിന് മുതിര്‍ന്നതെന്നും  സെക്രട്ടറി വ്യക്തമാക്കി.
Next Story

RELATED STORIES

Share it