Kottayam Local

രണ്ടാംമൈലിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നിട്ട് ഒരു വര്‍ഷം

പൊന്‍കുന്നം: പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാംമൈലിലെ ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. നന്നാക്കാന്‍ അധികൃതര്‍ ഒരു വര്‍ഷമായിട്ടും നടപടിയെടുത്തില്ല. ഇതിനു തൊട്ടുപിന്നിലുള്ള വീടിന്റെ മതിലും കല്‍ക്കെട്ടും ഇടിഞ്ഞു വീണാണ് കാത്തിരിപ്പു കേന്ദ്രം തകര്‍ന്നത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പൊന്‍കുന്നം-പാലാ റോഡിന്റ നവീകരണത്തിനായി പൊന്‍കുന്നം രണ്ടാമൈല്‍ ഉഷസില്‍ ഗോപിനാഥന്‍ നായരാണ് വീടിനു മുന്‍വശത്തുള്ള 10.8 സെന്റ് സ്ഥലം വിട്ടു നല്‍കിയത്.
റോഡിന്റെ കയറ്റം കുറയ്ക്കുന്നതിന്റെ ഭാഗമായി മണ്ണെടുത്ത് മാറ്റിയപ്പോള്‍ ഗോപിനാഥന്‍ നായരുടെ വീട് റോഡ് നിരപ്പില്‍ നിന്ന് 20 അടി ഉയരത്തിലായി. വീടിനു മുമ്പിലുണ്ടായിരുന്ന ഉറപ്പുള്ള മതില്‍ പൊളിച്ചുനീക്കി. വീട്ടിലേക്കു പ്രവേശിക്കാന്‍ നട കെട്ടാനോ റോഡ് വെട്ടാനോ കഴിയാത്തതിനാല്‍ ഗോപിനാഥന്‍ നായര്‍ ബന്ധപ്പെട്ട എല്ലാ അധികാരികള്‍ക്കും പരാതി നല്‍കിയിട്ടും പ്രയോജനമുണ്ടായില്ല. ഒടുവില്‍ സ്വന്തം പണം മുടക്കി വീടിനു മുമ്പില്‍ മതിലുകെട്ടി. പുരയിടത്തിന്റെ ഒരു മൂലയില്‍ നിന്നു വീട്ടിലേക്കു കുത്തനെ റോഡ് നിര്‍മിക്കേണ്ടി വന്നു.
സ്ഥലത്തിനു നഷ്ടപരിഹാരമായി കിട്ടിയ തുകയിലേറെയും വീട്ടിലേക്കുള്ള വഴിക്കും മതിലിനുമായി മുടക്കി. ഈ മതിലാണ് മഴയില്‍ ഇടിഞ്ഞു വീണത്. കാത്തിരിപ്പു കേന്ദ്രം നന്നാക്കാനോ ഇതിനു പിന്നില്‍ റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മിക്കാനോ അധികൃതരുടെ ഭാഗത്തു നിന്ന് ഇനിയെങ്കിലും നടപടിയുണ്ടായില്ലെങ്കില്‍ മഴക്കാലത്ത് കാത്തിരിപ്പുകേന്ദ്രം കൂടുതല്‍ അപകടത്തിനിടയാക്കും. ഇതിനു പിന്നില്‍ മണ്‍തിട്ട കല്‍ക്കെട്ടില്ലാതെ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it