രണ്ടാംദിനം കേരളത്തിന്റെ സ്വര്‍ണ കൊയ്ത്ത്

റാഞ്ചി: 31ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ നിലവിലെ ചാംപ്യന്‍മാരായ കേരളം സ്വര്‍ണം കൊയ്ത്ത് തുടരുന്നു. സുവര്‍ണ നേട്ടത്തോടൊപ്പം കേരളം ടീം ക്യാപ്റ്റന്‍ മരിയ ജെയ്‌സണ്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച രണ്ടാംദിനം കേരളത്തിന് ഇരട്ട മധുരം നല്‍കി.
3.70 മീറ്റര്‍ ഉയരം താണ്ടിയ മരിയ പോള്‍വാള്‍ട്ടില്‍ തന്റെ തന്നെ റെക്കോഡാണ് മെച്ചപ്പെടുത്തിയത്. ആഗസ്തില്‍ ഹൈദരാബാദില്‍ നടന്ന മീറ്റില്‍ സ്ഥാപിച്ച 3.65 മീറ്റര്‍ ഉയരമാണ് മരിയ പഴങ്കഥയാക്കിയത്. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം ആറായി. ഇന്നലെ മാത്രം നാലു സ്വര്‍ണമാണ് കേരളം നേടിയത്. മീറ്റിന്റെ ആദ്യദിനം കേരളം രണ്ട് സ്വര്‍ണം ഉള്‍പ്പെടെ അഞ്ച് മെഡലുകള്‍ നേടിയിരുന്നു. ഹൈജംപിലൂടെയായിരുന്നു സ്വര്‍ണ നേട്ടങ്ങള്‍.
രണ്ടാദിനം കേരളത്തിനു വേണ്ടി സ്വര്‍ണം നേടിതന്നതെല്ലാം വനിതകളായിരുന്നു. അണ്ടര്‍ 16 ഹര്‍ഡില്‍സില്‍ അപര്‍ണ റോയി, അണ്ടര്‍ 14 ട്രയാത്തലണില്‍ പിഎസ് പ്രഭാവതി, അണ്ടര്‍ 18 നടത്തത്തില്‍ മേരി മര്‍ഗരറ്റ് എന്നിവരാണ് ഇന്നലെ കേരളത്തിനു വേണ്ടി സുവര്‍ണ മെഡല്‍ കഴുത്തിലണിഞ്ഞത്. ഹര്‍ഡിസില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ മറ്റ് മൂന്ന് മെഡല്‍ കൂടി കേരളം ഇന്നലെ നേടി.
അണ്ടര്‍ 20 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഡെയ്ബി സെബാസ്റ്റ്യനും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മെയ്‌മോന്‍ പൗലോസും വെള്ളിയണിഞ്ഞു. മെയ്‌മോന് പിന്നില്‍ ഫിനിഷ് ചെയ്ത കേരളത്തിന്റെ തന്നെ പ്രവീണ്‍ ജെയിംസിനാണ് വെങ്കലം.
Next Story

RELATED STORIES

Share it