രണ്ടാംഘട്ട പാഠപുസ്തക വിതരണവും താളംതെറ്റിയതായി പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാംഘട്ട പാഠപുസ്തക വിതരണവും താളംതെറ്റിയതായി പരാതി. ക്രിസ്മസ് പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പല സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഇനിയും പാഠപുസ്തകമെത്തിയില്ലെന്നാണു പരാതി ഉയര്‍ന്നിരിക്കുന്നത്.
ഒന്നാംഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിനെ തുടര്‍ന്ന് ഓണപ്പരീക്ഷ തന്നെ മാറ്റിവയ്ക്കാനിടയായത് വിവാദത്തിന് വഴിവച്ചിരുന്നു. പാഠപുസ്തകമില്ലാതെ ക്രിസ്മസ് പരീക്ഷയും എഴുതേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍. അതേസമയം, രണ്ടാംഘട്ട പാഠപുസ്തകങ്ങള്‍ എല്ലാ സ്‌കൂളുകളിലും എത്തിച്ചെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ അവകാശവാദം. പാഠപുസ്തക അച്ചടിയുടെ ചുമതല കെബിപിഎസിനായിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ അച്ചടി പൂര്‍ത്തീകരിച്ചെന്നും പുസ്തകം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാവാത്തതിനു പിന്നില്‍ ഐടി അറ്റ് സ്‌കൂളാണെന്നുമാണ് കെബിപിഎസിന്റെ വിമര്‍ശനം. രണ്ടാംഘട്ടത്തില്‍ 1.33 കോടി പുസ്തകത്തിന്റെ അച്ചടിയാണ് കെബിപിഎസിനെ ഏല്‍പ്പിച്ചിരുന്നത്. ഇതില്‍ 1.25 കോടി പുസ്തകങ്ങള്‍ കെബിപിഎസ് അച്ചടിച്ചു. നേരത്തേ അച്ചടിച്ചതില്‍ ശേഷിച്ച പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നിശ്ചിതയെണ്ണം പൂര്‍ത്തീകരിച്ചതായി കെബിപിഎസ് പറയുന്നു. ഐടി അറ്റ് സ്‌കൂള്‍ വഴിയാണ് ആവശ്യമുള്ള പുസ്തകത്തിന്റെ കണക്കുകള്‍ ശേഖരിക്കുന്നത്. ഈ കണക്കിലുണ്ടായ പിഴവായിരിക്കാം പുസ്തകം എത്താത്തതിന് കാരണമായി കെബിപിഎസ് പറയുന്നത്.
എന്നാല്‍, ഐടി അറ്റ് സ്‌കൂളിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും 12,000 സ്‌കൂളുകള്‍ ആവശ്യപ്പെട്ടതിലും 10 ശതമാനം അധികം എണ്ണം കണക്കാക്കിയാണ് അച്ചടി ഓര്‍ഡര്‍ കെബിപിഎസിന് നല്‍കിയതെന്നും ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കെ പി നൗഫല്‍ വ്യക്തമാക്കി. വീഴ്ചവന്നിട്ടുണ്ടെങ്കില്‍ ഓര്‍ഡര്‍ നല്‍കിയശേഷം പുസ്തകം ഡിപ്പോകളില്‍നിന്ന് ഏറ്റുവാങ്ങാത്ത സ്‌കൂള്‍ അധികാരികളായിരിക്കും ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 10നാണ് ക്രിസ്മസ് പരീക്ഷ ആരംഭിക്കുന്നത്. പാഠപുസ്തകത്തിന്റെ പകര്‍പ്പെടുത്താണ് പഠിക്കുന്നതെന്ന് തലസ്ഥാനത്തെ പല സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ പറയുന്നു. അടിസ്ഥാനശാസ്ത്രമടക്കമുള്ള പുസ്തകങ്ങളാണു കിട്ടാതിരുന്നത്. ക്ലസ്റ്റര്‍ ചുമതലയുള്ള അധ്യാപകരും പുസ്തകം കിട്ടിയിട്ടില്ലെന്ന വസ്തുത ശരിവയ്ക്കുന്നു. തലസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠപുസ്തകം ലഭിക്കാത്തതിനെക്കുറിച്ച് പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിഇഒമാര്‍ക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it