Idukki local

രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ യുവതിയും മാതാവും അറസ്റ്റില്‍

തൊടുപുഴ: രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ യുവതിയും മാതാവും അറസ്റ്റിലായി. കോട്ടയം എസ്എച്ച് മൗണ്ട് കിടാരത്തില്‍ കുര്യന്റെ ഭാര്യ ആലീസ് (69), ഇവരുടെ മകള്‍ ലിജി മെര്‍ലിന്‍ കുര്യന്‍ (36) എന്നിവരെയാണ് കരിങ്കുന്നം പോലിസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ പകരം വീട്ടലാണ് ഭര്‍തൃസഹോദരന്റെ കുരുന്നിനെ തട്ടിക്കൊണ്ടുപോവുന്നതില്‍ കലാശിച്ചത്.
ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടരവയസ്സുകാരന്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അബുദാബിയില്‍ ബിസിനസുകാരനായ തൊടുപുഴ പൊന്നന്താനം ആലപ്പാട്ട് സൈജുവിന്റെ ഭാര്യയാണ് ലിജി. സൈജുവിന്റെ സഹോദരന്റെ കുട്ടിയെയാണ് ആലിസും ലിജിയും തട്ടിക്കൊണ്ടു പോയത്. ഇവരുടെ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള നിയമനടപടികള്‍ നടന്നുവരികയാണ്.
ഒരുമാസം മുമ്പ് അവധിക്കെത്തിയ സൈജു, ഭാര്യയെയും മകനെയും സ്വന്തം വീട്ടില്‍ കൊണ്ടുവന്നു താമസിപ്പിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം ഭാര്യ ലിജി ഇവരുടെ കോട്ടയത്തുള്ള വീട്ടിലേക്കു മടങ്ങിപ്പോയി. കുഞ്ഞിനെ എറണാകുളത്തെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ചിട്ടാണ് സൈജു വിദേശത്തേക്കു മടങ്ങിയത്. പിന്നീട് കുഞ്ഞിനെ കൊണ്ടുപോകാന്‍ മാതാവ് ലിജിയും ഇവരുടെ മാതാവ് ആലീസും പൊന്നന്താനത്തെ സൈജുവിന്റെ വീട്ടില്‍ എത്തി. എന്നാല്‍ കുഞ്ഞ് ഇവിടെ ഇല്ലെന്നും ബന്ധുവിന്റെ വീട്ടിലാണെന്നും സൈജുവിന്റെ പിതാവ് ഇവരെ ബോധിപ്പിച്ചെങ്കിലും അംഗീകരിച്ചില്ല. പ്രകോപിതാരായ ലിജിയും മാതാവ് ആലീസും ഇവിടെ മുറ്റത്തുകളിച്ചുകൊണ്ടിരുന്ന സൈജുവിന്റെ സഹോദരന്റെ രണ്ടരവയസുള്ള ആണ്‍കുഞ്ഞിനെ ബലമായി പിടിച്ച് കാറില്‍ കയറ്റുകയായിരുന്നു.
എന്റെ കുഞ്ഞിനുപകരം നിന്റെ കുഞ്ഞിനെ ഞാന്‍ കൊണ്ടുപോകുന്നു എന്നു പറഞ്ഞാണ് ഇവര്‍ കുട്ടിയെ തട്ടിയെടുത്തതെന്ന് സൈജുവിന്റെ പിതാവ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ആലീസ് കുര്യനാണ് കുഞ്ഞിനെ ബലമായി പിടിച്ച് കാറില്‍ കയറ്റിയത്. ഇവരാണ് കേസിലെ ഒന്നാംപ്രതി. കുട്ടിയെ ബലമായി കാറില്‍ക്കയറ്റിയതോടെ കാര്‍ ഓടിക്കില്ലെന്ന് ഡ്രൈവര്‍ നിലപാട് സ്വീകരിച്ചു.
തുടര്‍ന്ന് ആലീസിനെയും ലിജിയെയും കുട്ടിയെയും നടക്കണ്ടത്തുള്ള ബന്ധുവീട്ടില്‍ വിട്ടശേഷം കാറുമായി ഡ്രൈവര്‍ പോയി. ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി കരിങ്കുന്നം പോലിസില്‍ സൈജുവിന്റെ പിതാവ് നല്‍കി. പോലിസ് കാര്‍ ഡ്രൈവറെ കണ്ടെത്തി കുട്ടിയുമായി ആലീസും ലിജിയുമുള്ള വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ രക്ഷിതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു. ആലീസിനും ലിജിക്കുമെതിരേ  ഐ.പി.സി 448,365,34  ജുവനൈല്‍ ജസ്റ്റിസ് ആക്ട് 84 എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്സെടുത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it