Kollam Local

രണ്ടര കിലോ കഞ്ചാവുമായി മൂന്നാര്‍ സ്വദേശി പിടിയില്‍

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ കഞ്ചാവ് വേട്ട തുടരുന്നു.തെക്കന്‍ കേരളത്തിലേക്ക് കൊടൈക്കനാലില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്നതിലെ പ്രധാന കണ്ണി പിടിയിലായി. ഇടുക്കി മൂന്നാര്‍ വട്ടവട സ്വദേശി അളകേശന്‍ (42) ആണ് രണ്ടര കിലോ കഞ്ചാവുമായി അറസ്റ്റിലായത്.
കഴിഞ്ഞ ഒരാഴ്ചയായി കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ചിലെ ഷാഡോ ടീമംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജോസ് പ്രതാപ് സിഇഒമാരായ വിജു, ശ്യാംകുമാര്‍, സജീവ് കുമാര്‍ എന്നിവര്‍ റെയ്ഞ്ചിന്റെ തെക്കന്‍ മേഖലകളായ തേവലക്കര, തെക്കുംഭാഗം, പന്മന ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് കഞ്ചാവ് ശൃംഖലയുടെ രഹസ്യ പ്രവര്‍ത്തനങ്ങളുടേയും ആസൂത്രണത്തിന്റെയും വീഡിയോയും  ഫോട്ടോകളും ശേഖരിച്ചു. തുടര്‍ന്നു അവ ഉപയോഗിച്ച് നടത്തിയ റെയ്ഡില്‍ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമാക്കി കഞ്ചാവ് കടത്തികൊണ്ടു വന്ന് വില്‍പന നടത്തുന്ന കോയിവിള ഓലക്കാട് വിള സ്വദേശി ക്രിസ്റ്റി ജോണിനെ (19) 50 പൊതി കഞ്ചാവുമായി അറസ്റ്റ് ചെയ്തു.
നേരത്തെ ക്രിസ്റ്റി കഞ്ചാവ് കൊടുക്കുന്ന സ്‌കൂള്‍ കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ച് ബോങ്ങു വലിക്കുന്ന വീഡിയോ കണ്ടെത്തുകയും തുടര്‍ന്ന് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രിസ്റ്റിയെ 50 പൊതി കഞ്ചാവുമായി ഷാഡോ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ക്രിസ്റ്റിയെ വിശദമായി ചോദ്യം ചെയ്തതിലാണ് തെക്കന്‍ കേരളത്തിലും മധ്യതിരുവിതാംകൂറിലും കഞ്ചാവ് എത്തിക്കുന്ന മൂന്നാര്‍ വട്ടവട സ്വദേശി അളകശേനെപ്പറ്റി വിവരം കിട്ടിയത്.
അളകേശന്‍ കൊടൈക്കനാലില്‍ ടൂറിസത്തിന്റെ മറവില്‍ എത്തുന്ന കഞ്ചാവ് മാഫിയയുടെ പ്രധാന വിതരണക്കാരന്‍ കൂടിയാണ്.
തുടര്‍ന്ന് ക്രിസ്റ്റി വഴി അളക്കേശനെ ബന്ധപ്പെട്ടതില്‍ അളകേശന്‍ മറ്റാര്‍ക്കോ കഞ്ചാവ് നല്‍കുന്നതിനായി കരുനാഗപ്പള്ളി റെയില്‍വെ സ്‌റ്റേഷന്‍ ഭാഗത്താണെന്ന് അറിഞ്ഞത്. തുടര്‍ന്ന് പകലും രാത്രിയും നിരീക്ഷിച്ചതില്‍ റെയ്ല്‍വെ സ്‌റ്റേഷന്‍ ഭാഗത്ത് നിന്ന് അളകേശനെ രണ്ടര കിലോ കഞ്ചാവുമായി രാവിലെ രണ്ടു മണിയ്ക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ആറു മാസമായി അളകേശന്‍ തെക്കന്‍ കേരളത്തിലും മധ്യ തിരുവിതാംകൂറിലും നാലു വര്‍ഷമായി കൊടൈക്കനാലില്‍ എത്തുന്ന മലയാളികളായ കഞ്ചാവു മാഫിയയുടെ പ്രധാന വിതരണക്കാരന്‍ ആണെന്നും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കഴിഞ്ഞ രണ്ടു ദിവസമായി രണ്ടര കിലോ വീതമുള്ള അഞ്ച് പാര്‍സല്‍ കഞ്ചാവ് വിവിധ ഭാഗങ്ങളില്‍ എത്തിച്ചതായും പ്രതി സമ്മതിച്ചു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ അന്‍വര്‍, ഹരികൃഷ്ണന്‍, സി ഇ ഒമാരായ വിജു, ശ്യാംകുമാര്‍ എസ്, ശ്യാംദാസ്, വി ശ്യാംകുമാര്‍, സജീവ്കുമാര്‍, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Next Story

RELATED STORIES

Share it